മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും വഴിയോരക്കച്ചവടക്കാർക്കും പ്രാഥമിക സൗകര്യം ഒരുക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള ‘ടെയ്ക്ക് എ ബ്രേക്ക് ‘ പദ്ധതി രാമനാട്ടുകരയിലും. രാമനാട്ടുകരയിൽ നിർമ്മിച്ച ‘ടെയ്ക്ക് എ ബ്രേക്ക് ‘ കെട്ടിടോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.

പാലക്കാട് – കോഴിക്കോട്, തൃശൂർ -കോഴിക്കോട് റൂട്ടിലെ റോഡുകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് രാമനാട്ടുകര. ഭിന്നശേഷി സൗഹൃദപരമായാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്.
22 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്.

ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ ഒഡിഎഫ് പ്ലസ് പദവി നേടിയ രാമനാട്ടുകര നഗരസഭയെ മന്ത്രിയും ജില്ലാ ശുചിത്വ മിഷനും മൊമെന്റോ നൽകി അഭിനന്ദിച്ചു. ജില്ലയിൽ ഒഡിഎഫ് പ്ലസ് പദവി നേടിയ ആദ്യത്തെ മുൻസിപ്പാലിറ്റിയാണ് രാമനാട്ടുകര.

ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.സുരേഷ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.കെ. അബ്ദുൾ ലത്തീഫ് , പി.ടി നദീറ, വി.എം. പുഷ്പ, സഫ റഫീക്ക്, കെ.എം.യമുന, മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ബാലകൃഷ്ണൻ വാഴയിൽ, ശുചിത്വ മിഷൻ ജില്ലാ ഓഫീസർ എം.മിനി, പ്രോഗ്രാം ഓഫീസർ കൃപാ വാരിയർ തുടങ്ങിയവർ പങ്കെടുത്തു.