കോഴിക്കോട്: കൃഷി വകുപ്പ് നടപ്പാക്കുന്ന വിള ഇൻഷൂറൻസ് ക്യാമ്പയിൻ ഞാറ്റുവേല ചന്ത ബാലുശ്ശേരി കൃഷിഭവനിൽ ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ജൂലൈ ഒന്ന് വിള ഇൻഷൂറൻസ് ദിനവും ജൂലൈ ഒന്ന് മുതൽ 15 വരെ വിള ഇൻഷൂറൻസ് പക്ഷവുമായാണ് ആചരിക്കുന്നത്. ഈ കാലയളവിൽ കർഷകർക്ക് ഓൺലൈനായി വിള ഇൻഷൂർ ചെയ്യന്നതിനുള്ള സേവനം കൃഷിഭവൻ മുഖേന ലഭിക്കും.

ചെറിയ പ്രീമിയം തുക അടച്ചു കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. കൃഷിഭവനിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഞാറ്റുവേല ചന്തക്ക് തുടക്കമായി. തെങ്ങ്, കവുങ്ങ് കുറ്റികുരുമുളക്, ഫലവൃക്ഷം എന്നിവയുടെ തൈകൾ, ഉല്പാദനോപാദികൾ എന്നിവ ചന്തയിൽ ലഭിക്കും.

സ്ഥിരം സമിതി അംഗം പി.എൻ. അശോകൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ, സ്ഥിരം സമിതി അംഗം എം.ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, മിനി, കൃഷി അസിസ്റ്റന്റ് കെ.എൻ. ഷിനിജ എന്നിവർ പങ്കെടുത്തു.