കോഴിക്കോട്: ബീച്ച് നവീകരണം ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് പറഞ്ഞു. നവീകരണ പ്രവൃത്തികൾ നടത്തി മനോഹരമാക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു നൽകുന്നതിനുള്ള മുന്നൊരുക്കത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ടൂറിസം മേഖലയിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് മാസ് വാക്സിനേഷൻ നൽകാനുള്ള പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഓരോ തവണ കാണുമ്പോഴും കോഴിക്കോട് ബീച്ചിന് ഓരോ മുഖമാണ്. ഒട്ടേറെ സവിശേഷതയുള്ള പുതിയ മുഖമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രധാന മാഗസിൻ ലോകത്തെ മികച്ച 10 അൺഎക്സ്പ്ലോർഡ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നായി കണ്ടെത്തിയത് മലബാറിനെയാണ്. മലബാറിന്റെ ടൂറിസം മേഖലയുടെ വളർച്ചയിൽ കോഴിക്കോടിന് ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീച്ചിന്റെ പുതിയ മുഖത്തിനായി പ്രയത്നിച്ച ജില്ലാ ഭരണകൂടത്തെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും മന്ത്രി അഭിനന്ദിച്ചു.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദേശ സഞ്ചാരികൾ വിരുന്നെത്തുന്ന രാജ്യങ്ങളിൽ ആ നാടിന്റെ സംസ്കാരവും സംസ്കൃതിയും വിളമ്പരപ്പെടുത്തുന്ന ചിത്രകലകളും ശില്പങ്ങളും കാണാൻ കഴിയും. അത്തരം ഹൃദയഹാരിയായ ഒരു അനുഭവം സൗത്ത് ബീച്ചിലെത്തുന്ന സഞ്ചരികൾക്കും ലഭ്യമാക്കുക എന്നതാണ് ജില്ലഭരണകൂടവും ഡി. ടി. പി. സിയും കോർപറേഷനും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ പൗരാണിക പ്രൗഢിയുടെ തനിമ ചോരാതെ പുതിയ തലമുറയ്ക്ക് ലഭ്യമാകുന്ന നിർമ്മിതികൾ ഇനിയും ഇവിടെ വരേണ്ടതുണ്ട്. വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി പുതിയ വികസന പദ്ധതികൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ്‌ ബഷീർ, എസ്.കെ.പൊറ്റക്കാട്, എം.എസ്.ബാബുരാജ്, എം.ടി.വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപ്പാലവും ഉരു നിർമ്മാണവും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരിൽകാണുന്ന പോലെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.

മരത്തടിയിലുള്ള ചവറ്റുകുട്ടകൾ ബീച്ചിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിരിക്കുന്നു. ശിലാസാഗരം ബീച്ചിലെ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.

ചടങ്ങിൽ എം.കെ.രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ.ബീന ഫിലിപ്പ്, ഡെ. മേയർ സി.പി. മുസാഫിർ അഹമ്മദ്, ജില്ലാകലക്ടർ സാംബശിവ റാവു, കമ്മീഷണർ എ.വി. ജോർജ്, സബ്കലക്ടർ ജി. പ്രിയങ്ക, കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ, പോർട്ട്‌ ഓഫീസർ എബ്രഹാം വി കുര്യാക്കോസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ അനിത കുമാരി, ഡി. ടി. പി. സി സെക്രട്ടറി സി. പി ബീന, ആർക്കിടെക്റ്റ് വിനോദ് സിറിയക്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.