മലപ്പുറം: ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ വരണാധികാരിയായിട്ടുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം  ജൂലൈ ആറിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം  ജൂലൈ ഏഴിന് രാവിലെ 11ന് മഞ്ചേരി സി.എച്ച്. മുഹമ്മദ് കോയ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടക്കും.

ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലക്ക് മുഴുവനായി കരട് വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി രൂപീകരിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന 12 അംഗങ്ങള്‍ അടങ്ങുന്ന സമിതിയില്‍ 10 പേര്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും രണ്ട് പേര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കും. ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കുമുള്ള നോട്ടീസ് വിതരണം നടത്തിയിട്ടുണ്ട്.