കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് നല്‍കുന്ന പഠനകിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
സംസ്ഥാനത്തെ എല്ലാ പൊതുകെട്ടിടങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ മാറ്റം കൊണ്ടുവരും. സൗഹൃദ പാര്‍ക്ക്, സൗഹൃദ ബീച്ച് എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ഭിന്നശേഷി സൗഹൃദത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിവരുന്നത്. ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തുകയെന്നതാണ് ലക്ഷ്യം. പ്രധാനപെട്ട ഉത്തരവാദിത്തമായി ഇത്തരം പ്രവര്‍ത്തനങ്ങളെ കാണുന്നു. ഇതിന് കരുത്തുപകരുന്ന നീക്കമാണ് ഈ പഠനകിറ്റ് വിതരണത്തിലൂടെ വന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
വിവിധ ജില്ലകളിലെ 1150 വിദ്യാര്‍ഥികള്‍ക്കാണ് ഈ ഘട്ടത്തില്‍ കിറ്റുകള്‍ നല്‍കുന്നത്. കുട്ടികളുടെ പ്രായം, പരിമിതിയുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് നാലു വ്യത്യസ്ത തരം പഠനോപകരണ കിറ്റുകളാണ് തയാറാക്കിയത്. വീടുകളില്‍നിന്ന് പരിശീലനം നല്‍കാന്‍ സഹായകരമായ ഇരുപത്തിരണ്ടോളം പരിശീലന സഹായ ഉപകരണങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയ വിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് സഹായകരമാണ് കിറ്റിലെ ഉപകരണങ്ങള്‍. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള കിറ്റില്‍ മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, വാച്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി രക്ഷിതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോ ക്ലാസുകള്‍ തെറാപ്പിസ്റ്റുകള്‍ തയ്യാറാക്കി നല്‍കും. സിക്കന്തരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസാണ് പഠനകിറ്റുകള്‍ തയ്യാറാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി.ഡി.എം.ആര്‍ പ്രൊജക്ടിന്റെ സഹായത്തോടെ സമഗ്ര ശിക്ഷാ കോഴിക്കോടാണ് പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.ഡി.എം.ആര്‍.പി കോഡിനേറ്റര്‍ ഡോ.പി.കെ റഹീമുദ്ധീന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി, സിന്‍ഡിക്കേറ്റ് മെംബര്‍ കെ.കെ ഹനീഫ, സി.ഡി.എം.ആര്‍.പി ഡയരക്ടര്‍ പ്രൊഫ.കെ മണികണ്ഠന്‍, എ.ഡി.ഐ.പി കോഡിനേറ്റര്‍ ഡോ.താമരൈ സെല്‍വം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ ബി മധു, നാഷ്ണല്‍ ട്രസ്റ്റ് കോഡിനേറ്റര്‍ സിക്കന്തര്‍ പി, നടക്കാവ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജയകൃഷ്ണന്‍ എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കീം സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.അനില്‍ കുമാര്‍ എ.കെ നന്ദിയും പറഞ്ഞു.