മുകുളം പദ്ധതിയിലേക്ക് സ്‌കൂളുകള്‍
ജൂലൈ 9 ന് മുമ്പ് അപേക്ഷിക്കണം

പത്തനംതിട്ട: കുട്ടികളില്‍ കാര്‍ഷിക മേഖലയില്‍ അഭിരുചി വളര്‍ത്തുന്നതിന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം 2010 ല്‍ ആരംഭിച്ച മുകുളം പദ്ധതി 12-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ കാര്‍ഷിക മേഖലയിലേക്കും താല്പര്യം ജനിപ്പിക്കുന്നതിനു സാധ്യമായി. സ്‌കൂളുകളില്‍ പോഷകത്തോട്ടം, ഔഷധ സസ്യ പരിപാലനം, കറിവേപ്പ് കൃഷി എന്നിവയുടെ പ്രോത്സാഹനവും കുട്ടിക്കര്‍ഷക അവാര്‍ഡും ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക്കിന്റെ വ്യാപനം തടയുന്നതിനും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ മാര്‍ഗങ്ങളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

സഹപാടികള്‍ക്ക് ആവശ്യഘട്ടത്തില്‍ ഒരു കൈ സഹായം നല്‍കുന്നതിനു കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. കൂടാതെ ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിനു സെമിനാറുകളും പ്രദര്‍ശനങ്ങളും ഉപന്യാസ രചനാ, ചിത്ര രചന, ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചുവരുന്നു. പദ്ധതിയുടെ ഭാഗമായി 72 സ്‌കൂളുകളില്‍ നിന്നും 5400 ല്‍ പരം കുട്ടികളിലുടെ അവരുടെ കുടുബാംഗങ്ങളില്‍ ഈ സന്ദേശം എത്തിക്കുന്നതിന് സാധ്യമായി. കോവിഡ് കാലത്തെ പാഠ്യരീതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഈ വര്‍ഷത്തെ മുകുളം പദ്ധതി ലക്ഷ്യമിടുന്നു. കുട്ടിക്കര്‍ഷക മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ പോഷകത്തോട്ട നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കും.

കൂടാതെ ഓണ്‍ലൈന്‍ പരിശീലനങ്ങളും സംഘടിപ്പിക്കും. ഇതോടൊപ്പം മാലിന്യസംസ്‌കരണം, മഴവെള്ള സംഭരണം, കോഴിവളര്‍ത്തല്‍, അക്വാപോണിക്സ്, മൈക്രോഗ്രീന്‍, കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ധന, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയില്‍ പരിശീലനങ്ങള്‍, സെമിനാറുകള്‍, മത്സരങ്ങല്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിജയികള്‍ക്ക് 5000 രൂപാ ക്യാഷ് അവാര്‍ഡും ജോസഫ് മാര്‍ത്തോമ്മാ എവര്‍റോളിങ്ങ് ഗ്രീന്‍ ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും. 2000 രൂപയും 1000 രൂപയും പ്രശംസാപത്രവും യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിക്കന്നവര്‍ക്ക് സമ്മാനിക്കും.

മുകുളം 2021 പദ്ധതിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷമായി പ്രവര്‍ത്തനമുള്ളതും കുറഞ്ഞത് 25 അംഗങ്ങള്‍ ഉള്ളതുമായ ഇക്കോ ക്ലബ്ബുകളുള്ള യുപി., ഹൈസ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 സ്‌കൂളുകളെയാണു പദ്ധതിയില്‍ ഉള്‍പ്പടുത്തുന്നത്. പദ്ധതിയില്‍ ചേരുന്നതിനായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വെബ് സൈറ്റില്‍ (http://kvkcard.org/form.php) നല്‍കിയിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961254022, 0469-2662094 (എക്സ്റ്റന്‍ഷന്‍ 209/204) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.