ആലപ്പുഴ: ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുകയും മരിക്കുകയും ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കൂടുകല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് സുരക്ഷിതം. മാര്‍ക്കറ്റ്, തുണിക്കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകരുത്. ബന്ധുഗൃഹ സന്ദര്‍ശനം, അയല്‍ പക്ക സന്ദര്‍ശനം എന്നിവ ഒഴിവാക്കുക. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

വീട്ടില്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മാസ്ക് ധരിക്കുക. ഗര്‍ഭകാല ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കുക. ഒഴിവാക്കാനാവാത്ത ആശുപത്രി സന്ദര്‍ശനം വേണ്ടി വരുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കുക. മറ്റുള്ളവരുമായി അടുത്തിടപഴകരുത്. തിരക്കില്‍ പെടാതെ ഒഴിഞ്ഞു നില്ക്കുക. ഇടവിട്ട് കൈകള്‍ സാനിട്ടൈസ് ചെയ്യുക. മടങ്ങിയെത്തിയാല്‍ ഉടനെ കുളിക്കുക. പനി, ചുമ, തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നുമൊഴിഞ്ഞ് ഒരു മുറിയില്‍ സുരക്ഷിതമായി കഴിയുക. പനി, ചുമ, തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങളെ അവഗണിക്കരുത്. സ്വയം ചികിത്സ പാടില്ല. പുറത്തു പോയി മടങ്ങിയെത്തുന്നവര്‍ കുളിച്ചതിനു ശേഷം മാത്രം ഗര്‍ഭിണിയുടെ അടുത്തു പോകാവൂ. ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ പാലിക്കാന്‍ ഗര്‍ഭിണികളും വീട്ടുകാരും ജാഗ്രത പുലര്‍ത്തണം.