കയ്യൂരിൽ ഒക്ടോബർ ആദ്യവാരം

ഇന്ത്യ സ്വതന്ത്രമായതിന്റെ 75ാം വാർഷികത്തിന് ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷങ്ങൾ. പ്രാദേശികതലത്തിൽ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരെയും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്യ സമരത്തിന് ഊർജം നൽകിയവരെയും പരിപാടിയിൽ അനുസ്മരിക്കും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികൾ നടക്കുന്നത്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് ജില്ലയിലെ പരിപാടികൾ. ജില്ലാ ഇൻഫർമേഷൻ ഓഫീസറാണ് ജില്ലാ തല കോർഡിനേറ്റർ. പരിപാടികൾക്ക് വിവിധ വകുപ്പുകൾ നേതൃത്വം നൽകും.
സംസ്ഥാനത്ത് 75 ആഴ്ചകളിൽ 75 കേന്ദ്രങ്ങളിലാണ് പരിപാടി. മാർച്ച് 12ന് കൊല്ലം കുണ്ടറയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത്.
കയ്യൂർ സമരം, കാടകം വനസത്യാഗ്രഹം, രാഷ്ട്രകവി ഗോവിന്ദപൈ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങി വ്യക്തികളുടെയും സമരങ്ങളുടെയും അനുസ്മരണമാണ് ജില്ലയിൽ നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും പരിപാടികൾ. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തവും പരിപാടിയിൽ ഉറപ്പു വരുത്തും. സ്വാതന്ത്ര്യസമര മുഹൂർത്തങ്ങളുടെ മൊബൈൽ എക്സിബിഷൻ, വീഡിയോ പ്രദർശനം, സെമിനാർ, സാംസ്‌കാരിക പരിപാടികൾ എന്നിവയും നടത്തും.
ഒക്ടബോർ ആദ്യ വാരത്തിലാണ് 1941ലെ ദേശീയ സ്വാതന്ത്രസമരത്തിന്റെ ഭാഗമായ കയ്യൂരിലെ കർഷക സമരത്തെക്കുറിച്ചുള്ള പരിപാടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിപാടിക്ക് കയ്യൂർ വേദിയാകും. കയ്യൂർ സമര ചരിത്രമുൾപ്പെടെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ അനുബന്ധ പരിപാടികളും സാംസ്‌കാരിക യാത്ര സംഘടിപ്പിക്കാനും ഓൺലൈനായി ചേർന്ന ആലോചന യോഗത്തിൽ തീരുമാനമായി. പരിപാടിയുടെ വിശദരൂപരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി. പുഷ്പയെ ചുമതലപ്പെടുത്തി.
1932ലെ ബ്രിട്ടീഷ് സർക്കാരിന്റെ വനനിയമത്തിനെതിരായി നടന്ന കാടകം വനസത്യാഗ്രഹവുമായി ബന്ധപ്പെട്ടുള്ള പരിപാടി കാടകത്താണ് നടക്കുക. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ 2022 ജനുവരി ആദ്യവാരത്തിലാണ് പരിപാടി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ അനുസ്മരിക്കുന്ന പരിപാടികൾ. 2022 ഏപ്രിൽ ആദ്യവാരം മഞ്ചേശ്വരത്ത് നടക്കുന്ന പരിപാടിയിൽ കേരള തുളു അക്കാദമി, യക്ഷഗാന അക്കാദമി, രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക സമിതി എന്നീ സംഘടനകളും സഹകരിക്കും.
ആലോചനാ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികളുടെ ജില്ലാ കോർഡിനേറ്ററായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ പരിപാടി വിശദീകരിച്ചു എ.ഡി.എം അതുൽ എസ്.നാഥ്, ഡി.ഡി.ഇ കെ.വി. പുഷ്പ, ഡിഡിപി ജയ്‌സൺ മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, കേരള തുളു അക്കാദമി ചെയർമാൻ ഉമേഷ് സാലിയാൻ, രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ.ആർ. ജയാനന്ദ, യക്ഷഗാന അക്കാദമി ചെയർമാൻ എം.ശങ്കർ റൈ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത തുടങ്ങിയവർ സംബന്ധിച്ചു.