കൊച്ചി: തീരദേശപരിപാലന നിയമത്തിലെ കരട് നിര്‍ദേശങ്ങളെ കുറിച്ച് വിശദമായ പഠനത്തിനും അഭിപ്രായ രൂപീകരണത്തിനുമായി ശില്‍പ്പശാല സംഘടിപ്പിച്ചു. ഫിഷറീസ് യൂണിവേഴ്‌സിറ്റി ഡീനും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ പ്രൊ. ഡോ. കെ എസ് പുരുഷന്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട കരട് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. 1991ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം 2011ലെ തീരദേശ പരിപാലന വിജ്ഞാപനം എന്നിവ പരിഷ്‌കരിക്കാനാണ് കരട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

പുതിയ നിബന്ധനകളും ചട്ടങ്ങളും തീരദേശവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് കരട് നിയമം അവകാശപ്പെടുന്നു. കരട് നിയമത്തില്‍ വേമ്പനാടിനൊപ്പം കായല്‍ തുരുത്തുകള്‍ മൂന്നു വശത്ത് കായലും ഒരുവശത്ത് കടലുമുള്ള വൈപ്പിന്‍ പോലുള്ള ദ്വീപുകള്‍ , മുംബൈ മുന്‍സിപ്പാലിറ്റി എന്നിവയെ അപകടസാധ്യതയുള്ള തീരദേശമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഗുരുതരാവസ്ഥയിലുള്ള തീര പരിസ്ഥിതിയും പ്രാദേശിക ജനവിഭാഗങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

കണ്ടല്‍കാടുകളുടെയും ജലാശയങ്ങളുടെയും ജൈവ സുരക്ഷയും തീരദേശ മത്സ്യതൊഴിലാളികളുടെയും അതിജീവനത്തിന് ഭീഷണിയാകുന്ന പരിഷ്‌കാരങ്ങള്‍ കരട് നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടര്‍ കെ എസ് പുരുഷന്‍ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള കേരളതീരത്ത് പരിസ്ഥിതി സംരക്ഷിച്ചും, മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഉപജീവനവും അതിജീവനവും ഉത്പാദനോന്മുഖവുമായ സമഗ്ര വികസനമാണ് ആവശ്യം. സുരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ വ്യവസായങ്ങള്‍ കടന്നുകയറാന്‍ അനുവദിക്കരുത്. ഉല്‍പ്പാദന മേഖലയില്‍ ഉള്ള അടിസ്ഥാന വിഭാഗങ്ങളെ സംരക്ഷിക്കണമെന്നും തദ്ദേശീയ ജനസംഖ്യ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്ന കെട്ടിട നിര്‍മാണ അനുവാദം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പുതിയ തീരുമാനപ്രകാരം ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കി. 100 ചതുരശ്രമീറ്റര്‍ വരുന്ന കെട്ടിടങ്ങളുടെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ ക്ലിയറന്‍സിനുള്ള അപേക്ഷകള്‍ പ്രസ്തുത കമ്മിറ്റി നല്‍കിയിട്ടുണ്ട്.