കാസർഗോഡ്: മൃഗ സംരക്ഷണവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ ഓഫീസുകളാക്കി മാറ്റിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതി ഇനി കാസര്‍കോടിന് സ്വന്തം. സമ്പൂര്‍ണ്ണ ഇ ഓഫീസ് പ്രഖ്യാപനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ വേഗത്തിലും കൃത്യതയോടെയും നല്‍കാനുള്ള മികച്ച സാധ്യതയാണ് ഇ ഓഫീസ് സംവിധാനം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. ജില്ലാ ഓഫീസിന് പുറമെ വകുപ്പിലെ എല്ലാ സബ്ബ് ഓഫീസുകളും പരസ്പരം ബന്ധിപ്പിച്ചതിലൂടെ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ വേഗത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഓഫീസുകള്‍, ഗ്രാമപഞ്ചായത്ത് തലത്തിലെ മൃഗാശുപത്രികള്‍, പെര്‍ള, കുഞ്ചത്തൂര്‍ എന്നീ രണ്ട് ചെക്ക് പോസ്റ്റുകളും ബദിയഡുക്കയിലെ കന്നുകാലി ഫാം അടക്കം 50 സ്ഥാപനങ്ങളാണ് ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറിയത്. മൃഗസംരക്ഷണ വകുപ്പിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളും ഇ ഓഫീസിലേക്ക് കടക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്വകാര്യ കമ്പനികളുടെ ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിയടക്കം ഓരോ പ്രദേശത്തിനും അനുയോജ്യമായി നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തി. ഇതുവഴി ഇന്‍ര്‍നെറ്റ് വേഗത സംബന്ധിച്ചുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കനാകും. വകുപ്പിന്റെ ഓഫീസുകള്‍ ഇ ഓഫീസുകളാകുന്നതോടെ ഫയലുകള്‍ സുതാര്യമായും വേഗത്തിലും തീര്‍പ്പാക്കന്‍ കഴിയുന്നത് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാണ്.
പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുവാനും ജില്ലാ തലത്തിലും സംസ്ഥാനത്തിലും മോണിറ്റര്‍ ചെയ്യുവാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് കത്തുകള്‍, അപേക്ഷകള്‍ തുടങ്ങിയവ ഇമെയില്‍ ചെയ്ത് സമര്‍പ്പിക്കാം. ഫയലുകള്‍ ട്രാക്ക് ചെയ്യുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുവാനും, സേവനങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തുവാനുമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എസ് എം സാബു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. നാഗരാജ്, ഇ ഓഫീസ് നോഡല്‍ ഓഫീസര്‍ ഡോ ജി എം സുനില്‍ എ ഡി സി പി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ എസ് മഞ്ജു, തുടങ്ങിയവര്‍ പങ്കെടുത്തു.