തൃശ്ശൂർ: ദേശീയപാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖാപരമായ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സ്ഥലമെടുപ്പിന് രേഖകള്‍ സമര്‍പ്പിച്ചവരില്‍ ഭൂമിയുടെ സ്വഭാവം കാണാവകാശമായിട്ടുള്ളവരില്‍ ഭൂമി ജന്മാവകാശമാക്കി തിരുത്തണമെന്ന വിഷയം പ്രധാന പ്രശ്നമായി കണ്ട് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് അവാര്‍ഡ് രേഖകളുടെ വിതരണോദ്ഘാടനം മേത്തല മിനിസിവില്‍ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് കൈവശക്കാര്‍ക്ക് കാലതാമസം കൂടാതെ ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് എല്ലാ ശ്രമവും നടത്തും. നിയമവും ചട്ടവും പാലിച്ച് അടിയന്തര പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി ഈ ആഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ദേശീയപാതാ വികസനത്തിന് വേണ്ടിയുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എടക്കഴിയൂര്‍, ഒരുമനയൂര്‍, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ എന്നീ വില്ലേജുകളിലെ ഭൂവുടമകളായ ശശിധരന്‍ ചിറയത്ത്, പാറാട്ട് വീട്ടില്‍ ജഹാംഗീര്‍, തറയില്‍ സുമതി, കണിയാംപറമ്പില്‍ ഉണ്ണികൃഷ്ണന്‍, ഉമ്മര്‍ മതിലകത്ത്, രതീദേവി കളപ്പുരയില്‍, വല്യാക്കല്‍ നന്ദനന്‍, വിമല പെരുമ്പായില്‍, പഴഞ്ചേരി മണ്ണാംപറമ്പത്ത് സത്യജിത്ത്, കരീപ്പാടത്ത് സുരേഷ് ബാബു, ഹനീഫ കല്ലുപറമ്പില്‍ എന്നീ 12 പേര്‍ക്ക് മന്ത്രി അവാര്‍ഡ് രേഖകള്‍ വിതരണം ചെയ്തു.

അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംപി വിശിഷ്ടാതിഥിയായി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആശംസകള്‍ നേര്‍ന്നു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ, സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ പാര്‍വ്വതീ ദേവി, തഹസില്‍ദാര്‍ കെ രേവ, ദേശീയപാത അതോറിറ്റി പ്രതിനിധി ബാബു എന്നിവര്‍ പങ്കെടുത്തു.