കൊല്ലം:  ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ അവലോകന യോഗത്തിലാണ് നിര്‍ദേശം. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ താഴേതട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി ഏകോപിപ്പിക്കണമെന്നും വാക്‌സിനേഷന്‍ കാര്യക്ഷമമാക്കണമെന്നുമുള്ള നിര്‍ദേശമാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നല്‍കിയത്.

രോഗവ്യാപനം കുറയ്ക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കലക്ടര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് എം.പി. മാരായ എ.എം.ആരിഫ്, കെ. സോമപ്രസാദ്, എന്‍. കെ. പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ പി.എസ്. സുപാല്‍, സി.ആര്‍.മഹേഷ്, പി.സി. വിഷ്ണുനാഥ്, ജി.എസ്. ജയലാല്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്‍കി. കോവിഡ് മരണം സംബന്ധിച്ച വിവരങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നു എന്നും കലക്ടര്‍ വ്യക്തമാക്കി.

പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, പരിശോധന എന്നിവയുടെ വിശദാംശങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍ അവതരിപ്പിച്ചു. പ്രതിരോധ സംവിധാനങ്ങളും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘം ജൂലൈ 6 ന്ജി ല്ലയിലെത്തും. രോഗവ്യാപനം കൂടുതലുള്ള മേഖലകള്‍ സന്ദര്‍ശിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.