കാസര്‍ഗോഡ്:  ‘ഇനിയൊരു തരംഗം വേണ്ട’ എന്ന കോവിഡ് പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി ‘ഒപ്പനേ’ പരിപാടിയിലൂടെ കോവിഡ് പ്രതിരോധ സന്ദേശവുമായി ഊരുകളിലേക്ക് ജില്ലാ കുടുംബശ്രീ മിഷൻ. കാസർകോട് ജില്ലയിലെ മുഴുവൻ പട്ടികവർഗ കോളനികളിലും കോവിഡ് പ്രതിരോധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ ‘ഒപ്പനേ’ ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ പനത്തടി, കള്ളാർ പഞ്ചായത്തുകളിലും, മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലുമാണ് ക്യാമ്പയിൻ നടത്തിയത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ മഞ്ചേശ്വരം മേഖലയിലെ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ ഷെട്ടി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ എന്നിവർ മുഖ്യാതിഥികളായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ അസി. കോ ഓർഡിനേറ്റർ പ്രകാശൻ പാലായി, ചെയിൻ കാൾ സംസ്ഥാന കോർ കമ്മിറ്റി അംഗം ജയൻ പൂക്കോട്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ രത്‌നേഷ് എന്നിവർ നേതൃത്വം നൽകി.ജില്ലയിലെ 892 പട്ടികവർഗ അയൽക്കൂട്ടങ്ങളിലെ 14000 ത്തോളം അംഗങ്ങളിലൂടെയാണ് പ്രതിരോധ സന്ദേശം എത്തുന്നത്. പട്ടിക വർഗ പ്രാതിനിധ്യമുള്ള ജില്ലയിലെ 32 സി.ഡി.എസുകളാണ് സന്ദേശങ്ങളുമായി അയൽക്കൂട്ടത്തിലേക്കെത്തുന്നത്. 14000 അംഗങ്ങളിൽ നിന്ന് സന്ദേശം അവരുടെ വീടുകളിലേക്കും അവിടെ നിന്ന് ഊരിലേക്കും എത്തുന്നതോടെ പൂർണമായ പ്രതിരോധം സാധ്യമാകും.

കോവിഡ്-19 പ്രതിരോധ മാർഗ്ഗങ്ങൾ എന്തെല്ലാം, കോവിഡ് ബാധിച്ച വ്യക്തി വീടുകളിൽ കഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ്-19 ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അടിയന്തിര/അത്യാവശ്യ സാഹചര്യങ്ങളിൽ നമ്മെ സഹായിക്കാൻ ആരെല്ലാം, സി.ഡി.എസ്/എ.ഡി.എസ്/അയൽക്കൂട്ട യോഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ് വാക്‌സിൻ-പ്രാഥമിക വിവരങ്ങൾ, കോവിഡ്-19 കുടുംബശ്രീ സംരംഭക യൂണിറ്റിലെ അംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രതിരോധിക്കാം കോവിഡിനൊപ്പം മറ്റ് പകർച്ച വ്യാധിയേയും തുടങ്ങിയ വിഷയങ്ങളാണ് ഒമ്പത് പാഠങ്ങളായി അവതരിപ്പിക്കുന്നത്. ജൂലൈ 20 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ കോവിഡ് പ്രതിരോധം സംബന്ധിച്ച എട്ട് പാഠങ്ങളും മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ഒരു പാഠവുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒമ്പത് പാഠങ്ങൾ രണ്ട് മണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകളിലൂടെ അയൽക്കൂട്ടങ്ങളിലെത്തുന്ന അംഗങ്ങൾക്ക് അറിവ് നൽകും. സാമൂഹ്യ അകലം പാലിച്ച് ഓൺലൈനായി നടത്തുന്ന പരിപാടി അയൽക്കൂട്ടങ്ങൾ ചേരുന്ന ദിവസങ്ങളിലാണ് സംഘടിപ്പിക്കുന്നത്.