യോഗ്യതയും നിയമനരീതിയും പരിഷ്‌കരിക്കും
അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.നേരത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ വേതനത്തിലും സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടായിരുന്നു. അതിന് സമാനമായ രീതിയിലാണ് അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തുന്നത്.
ഏറെ നാളുകളായി ജീവനക്കാരും സംഘടനാ പ്രതിനിധികളും ആവശ്യപ്പെടുന്ന കാര്യമാണ് വേതനം വര്‍ധിപ്പിക്കണമെന്നത്. അവരുടെ ആവശ്യം ന്യായമാണെന്ന് കണ്ടാണ് ഇപ്പോള്‍ വേതന വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അക്രെഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതയും നിയമന രീതിയും പരിഷ്‌കരിച്ചതായി മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.സിവില്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവരെയാണ് നിലവില്‍ ഈ തസ്തികകളിലേക്ക് പരിഗണിച്ചിരുന്നത്. ഇവരുടെ അഭാവത്തില്‍ പോളിടെക്നിക് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയോ, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയോ പരിഗണിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.
അക്രെഡിറ്റ് ഓവര്‍സീയര്‍മാരുടെ യോഗ്യത പോളിടെക്നിക്ക് ഡിപ്ലോമയും ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റുമായും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ബാധകമാക്കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ക്കും കാലാവധി നീട്ടിയ തീരുമാനം ബാധകമാവുമെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.