കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സ് എന്ന സ്ഥാപനത്തിന് ഓട്ടോണമസ് പദവി അനുവദിച്ചു.ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദു അറിയിച്ചു. ഇപ്പോള്‍ ലോക പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമിയുടെ ചെയര്‍മാനായും ചലച്ചിത്ര രംഗത്ത് ദേശീയ പ്രശസ്തനായ ശങ്കര്‍മോഹന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിഖ്യാത ചലച്ചിത്ര പഠനകേന്ദ്രങ്ങളായ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും കല്‍ക്കത്തയിലെ ‘സത്യജിത്ത് റേ’ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും നിലവാരത്തിലേക്ക് വളരുവാന്‍ സ്വയംഭരണ പദവി സ്ഥാപനത്തെ സഹായിക്കും. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസൃതമായ കഴിവുകള്‍ പരമാവധി പ്രയോചനപ്പെടുത്തി് ഇന്ത്യന്‍ സിനിമയ്ക്കും ലോക സിനിമയ്ക്കും സമഗ്ര സംഭാവനകള്‍ നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രാപ്തമാക്കാന്‍ സഹായകരമാണ് ഓട്ടോണമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിമുകളുടെ ഷൂട്ടിംഗ് നടന്നു വരികയാണ്.