സംസ്ഥാനത്ത് മൂന്ന് മാസത്തിനകം 200 പ്ലാസ്റ്റിക് ഷ്രഡ്ഡിങ്ങ് യൂണിറ്റുകള്‍ നിലവില്‍വരുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ നിര്‍മ്മിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ആന്‍റ് ബെയിലിങ്ങ് യൂണിറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ 75 യൂണിറ്റുകള്‍ നിലവില്‍ വന്നുകഴിഞ്ഞെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് ഈ സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും വേര്‍തിരിച്ച പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ ഹരിതകര്‍മ്മസേനവഴി ശേഖരിച്ച് പ്രകൃതിസൗഹൃദമായ രീതിയില്‍ സംസ്ക്കരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തരം തിരിച്ച പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് പുനരുപയോഗം സാധ്യമായവ ബെയിലിങ്ങ് നടത്തുകയും ക്ലീന്‍കേരള കമ്പനിമുഖേന റീസൈക്ലിങ്ങിനായി നല്‍കുകയും പുനരുപയോഗം സാധ്യമല്ലാത്തവ ഷ്രെഡ്ഡിങ്ങ് നടത്തി ടാറിങ്ങിനും മറ്റുമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ 15 എച്ച്പി, 7.5 എച്ച് പി, 2 എച്ച് പി കപ്പാസിറ്റിയുള്ള 3 മെഷിനുകള്‍ സ്ഥാപിച്ചാണ് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ആന്‍റ് ബെയിലിങ്ങ് യൂണിറ്റ് പ്രവര്‍ത്തിക്കുക. 11,70,943 രൂപ ചെലവിലാണ് യൂണിറ്റ് നിര്‍മ്മാണം.