കോഴിക്കോട്: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘എനേബ്ലിങ് കോഴിക്കോട്’പദ്ധതി കാലം ആഗ്രഹിക്കുന്ന ഇടപെടലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കുന്നുമ്മല്‍, കൊടുവള്ളി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും പരിഗണനയും അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക രീതിയിലുള്ള സഹായമാണ് എനേബ്ലിങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. ഇവരുടെ സമഗ്ര ഉന്നമനം ഉറപ്പു വരുത്തുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുടെയും പൊതുസമൂഹത്തിന്റെയും ഏകോപിതമായ പ്രവര്‍ത്തനം അനിവാര്യമാണ്. പദ്ധതിയുടെ ഭാഗമായി വൈകല്യങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ-പുനരധിവാസം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്ന കമ്മ്യുണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് സമൂഹം ഉറ്റുനോക്കുന്നത്. മാതൃകയാക്കാവുന്ന ഇടപെടലാണ് ഇതിന്റെ ഭാഗമായി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുക, ആവശ്യമായ ചികിത്സാ പുനരധിവാസ സേവനങ്ങള്‍ സാമൂഹ്യ അധിഷ്ഠിത കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക, ജില്ലയിലെ മുഴുവന്‍ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ഇവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, അവകാശ സംരക്ഷണം എന്നിവ റപ്പുവരുത്താനാവശ്യമായ നൂതന പദ്ധതികളുടെ ഏകോപനം തുടങ്ങിയവയാണ് എനേബ്ലിങ് കോഴിക്കോട് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി വൈകല്യങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാ പുനരധിവാസം ലഭ്യമാക്കുന്നതിനുമാണ് കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെയും കാലിക്കറ്റ് സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗത്തിന്റെയും സംയുക്ത നേതൃത്വത്തില്‍ ആവിഷ്‌കരിച്ച സി.ഡി.എം.ആര്‍.പി യുടെ (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം) രൂപരേഖയിലാണ് ഇവ നിര്‍മ്മിക്കുന്നത്.
ആദ്യഘട്ടമായി ഒളവണ്ണ സി.എച്ച്.സി യില്‍ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍ 2020 നവംബര്‍ 2ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് വിപുലമായ സൗകര്യങ്ങളോട് കൂടി കൊടുവള്ളി, ചേളന്നൂര്‍, കുന്നുമ്മല്‍ ബ്ലോക്കുകളിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ കോടഞ്ചേരി, നരിക്കുനി, കുന്നുമ്മല്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ സാമൂഹ്യാധിഷ്ഠിത ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും ഇത്തരം സെന്ററുകള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ മിനറല്‍ ഫൌണ്ടേഷന്‍ ട്രസ്റ്റിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് സെന്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനാവശ്യമായ ജീവനക്കാരെ അതത് ബ്ലോക്കുകള്‍ നിയമിക്കും. നിയമനം പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവില്‍ എന്‍എച്ച്എം-കെഎസ്എസ് എം പദ്ധതിയായ അനുയാത്ര മുഖേന സേവനം ആരംഭിക്കും.
എം.കെ.രാഘവന്‍ എംപി, എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, ഡിഎംഒ ഡോ.വി. ജയശ്രീ, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, സിഡിഎംആര്‍പി ജോയിന്റ് ഡയറക്ടര്‍ ഡോ.പി.കെ.റഹിമുദ്ദീന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്റഫ് കാവില്‍, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി.സിക്കന്ദര്‍, കെഎസ്എസ്എം മേഖല ഡയറക്ടര്‍ ഡോ. രാഹുല്‍, നിര്‍മ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ ഡെന്നിസ് മാത്യു, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, സിആര്‍സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജ്ലി എന്നിവര്‍ സംസാരിച്ചു.