കാസർഗോഡ്: ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഐജിആർഎ പരിശോധന ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജൻ കെ ആർ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച 22 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഭാവിയിൽ ക്ഷയരോഗം വരാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്താനുള്ള അതിനൂതന പരിശോധനയാണിത്. പ്രാഥമികഘട്ടത്തിൽ ജില്ലയിലെ ടിബി ബാധിതരുമായി സമ്പർക്കത്തിലുള്ള അഞ്ച് വയസ്സിനും 15 വയസ്സിനുമിടയിൽ പ്രായമുള്ളവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പരിശോധന നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ തിരഞ്ഞെടുത്ത ലാബ് ടെക്നീഷ്യന്മാർക്കുള്ള പരിശീലന പരിപാടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി ഉദ്ഘാടനം ചെയ്തു. ജില്ലാ ടി ബി ഓഫീസർ ഡോ. ആമിന ടി പി നേതൃത്വം നൽകി. ക്ഷയരോഗ മുക്ത നാടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി മുഴുവനാളുകളും പരിശോധനയുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർഥിച്ചു.