വയനാട്:  പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തില്‍ പ്രയാസമനുഭവിക്കുന്ന 1000 പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് മാനസിക പിന്തുണയുമായി അധ്യാപകര്‍ വീടുകളില്‍ എത്തുന്നതാണ് പദ്ധതി.

അധ്യാപകര്‍ക്കിടയില്‍ നിന്ന് നിയമിക്കുന്ന മെന്റെര്‍മാര്‍ ആഴ്ചയിലൊരു ദിവസമാണ് കുട്ടികളുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുക. സന്ദര്‍ശന വേളയില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പഠനം സുഗമമാക്കാനളള ഇടപെടല്‍ നടത്തുവാനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.

ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, അഡ്വ. ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. ജീവന്‍ ബാബു, കരിയര്‍ ഗൈഡന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എം. അസീം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. ലീല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓഡിനേറ്റര്‍ പി.പ്രസന്ന, പ്രിന്‍സിപ്പല്‍ മാരായ പി.പി.ശിവസുബ്രഹ്മണ്യം, പി.സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.