തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കാട്ടാക്കട മണ്ഡലത്തിൽ കെ.എസ്.എഫ്.ഇയുടെ വിദ്യാസഹായ പദ്ധതിയും ഐ.ബി. സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് അംഗൻവാടികൾക്കു ടെലിവിഷൻ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള പുതിയ ആപ്ലിക്കേഷൻ നിർമിച്ച് ലൈവ് ക്ലാസുകൾ ആരംഭിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
അധ്യാപകരേയും സഹപാഠികളേയും നേരിട്ടു കാണാനും സംവദിക്കാനുമുള്ള സാഹചര്യം ഇതുവഴി സാധ്യമാകും. ഓൺലൈൻ ക്ലാസുകൾക്ക് മുൻവർഷങ്ങളിലുള്ള പോരായ്മകളെല്ലാം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.