തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യങ്ങളും കളക്ടർ വിലയിരുത്തി.
കോവിഡ് ഐസൊലേഷൻ വാർഡിനെ സംബന്ധിച്ചും ആശുപത്രിയുടെ പരിമിതികളെ സംബന്ധിച്ചും കളക്ടർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കായുള്ള ആശുപത്രിയുടെ തയാറെടുപ്പുകളും ചോദിച്ചറിഞ്ഞു. ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം ദ്രുതഗതിയിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ ഓക്‌സിജന്റെ തടമിസല്ലാത്ത വിതരണം ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകി.കൂടാതെ നിലവിലെ ഓക്‌സിജൻ ലഭ്യതയും ഉപയോഗവും വിലയിരുത്തി. അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.എസ്. ഷിനു, ആശുപത്രി സൂപ്രണ്ട് പി.എ. മുഹമ്മദ് അഷ്‌റഫ്, ആർഎംഒ ഡോ. ചന്ദ്രലേഖ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.