മലപ്പുറം:  പൊന്നാനി നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ സ്റ്റാമ്പ് ഒട്ടിച്ച് എഴുതി നല്‍കി ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥക്ക്  വിരാമമാകുന്നു. നഗരസഭാ സേവനങ്ങള്‍ എക്‌സ്പ്രസ് വേഗത്തില്‍ ലഭിക്കുന്നതിനായി നഗരസഭ ഓഫീസില്‍ എക്‌സ്പ്രസ് കൗണ്ടര്‍ ഒരുങ്ങുന്നു. പദ്ധതിക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ജൂലൈ 12 മുതലാണ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുക. നഗരസഭ ഓഫീസിന്റെ പ്രവേശന കവാടത്തിനരികിലാണ് എക്‌സ്പ്രസ് കൗണ്ടര്‍ സജ്ജീകരിച്ചിരിക്കുക. ഏറ്റവും അത്യാവശ്യമായി വേണ്ടി വരുന്ന ജനനം, മരണം, വിവാഹം, ഓണര്‍ഷിപ്പ് എന്നീ സര്‍ട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. 51 വാര്‍ഡുകളും ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പൊന്നാനിയില്‍ ഈ സംവിധാനം ജനങ്ങള്‍ക്ക് ഏറെ  പ്രയോജനകരമാകും.

സംവിധാനം നിലവില്‍ വരുന്നതോടെ  ജീവനക്കാരെ ഫലപ്രദമായി നഗര വികസനവുമായി ബന്ധപ്പെട്ട  കൂടുതല്‍  സെക്ഷനുകളിലെക്ക് പുനര്‍വിന്യസിക്കാനും സാധിക്കും. എക്‌സ്പ്രസ് കൗണ്ടറിനോടനുബന്ധിച്ച് ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഒരു കൗണ്‍സിലറും ഒരു ജീവനക്കാരനും അടങ്ങിയ ടീമിനായിരിക്കും ഓരോ ദിവസത്തെയും ചുമതല. ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദവും സേവനങ്ങള്‍ പരമാവധി പെട്ടെന്ന് നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള വാതില്‍പ്പടി സേവനം പരിപാടിയുടെ തുടക്കമെന്ന നിലയ്ക്കാണ് നഗരസഭയില്‍ കൗണ്ടര്‍ തുടങ്ങുന്നത്.

നഗരസഭ ഓഫീസില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തിലാണ് എക്‌സ്പ്രസ് കൗണ്ടര്‍ പദ്ധതി പ്രഖ്യാപിച്ചത്. നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ടി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ മുഹമ്മദ് ഫര്‍ഹാന്‍, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് എന്നിവര്‍ സംസാരിച്ചു.