മലപ്പുറം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 അംഗങ്ങളെ തെരഞ്ഞെടുത്തു.  വരണാധികാരിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് 10 അംഗങ്ങളെയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ നിന്ന് രണ്ട് അംഗങ്ങളെയുമാണ് ജില്ലാ ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുത്തത്.മഞ്ചേരി സി.എച്ച് മുഹമ്മദ് കോയ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ നിന്നും വനിതാ സംവരണത്തില്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസീമ ആളത്തില്‍ പറമ്പില്‍, ജനറല്‍ വിഭാഗത്തില്‍ മഞ്ചേരി നഗരസഭയിലെ കൗണ്‍സിലറായ കണ്ണിയന്‍ അബൂബക്കറെയുമാണ് തെരഞ്ഞെടുത്തത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ 19 പൊന്മുണ്ടം ഡിവിഷനില്‍ നിന്ന് ശ്രീദേവി പ്രാക്കുന്ന് (പട്ടികജാതി വനിത), 31 തൃക്കലങ്ങോട് ഡിവിഷന്‍ എ.പി ഉണ്ണികൃഷ്ണന്‍ (പട്ടികജാതി ജനറല്‍), 07 അങ്ങാടിപ്പുറം ഡിവിഷന്‍ ഷഹര്‍ബാന്‍ (വനിത), 24 വേങ്ങര ഡിവിഷന്‍ സമീറ പുളിക്കല്‍ (വനിത), 28 വാഴക്കാട് ഡിവിഷന്‍ സുഭദ്ര ശിവദാസന്‍ (വനിത), 30 എടവണ്ണ ഡിവിഷന്‍ റൈഹാനത്ത് കുറുമാടന്‍ (വനിത), 02 ചോക്കാട് ഡിവിഷന്‍ ഇസ്മായില്‍ മൂത്തേടം (ജനറല്‍), 04 വണ്ടൂര്‍ ഡിവിഷന്‍ കെ.ടി അജ്മല്‍ (ജനറല്‍), 16 തിരുനാവായ ഡിവിഷന്‍ ഫൈസല്‍ എടശ്ശേരി (ജനറല്‍), 23 പൂക്കോട്ടൂര്‍ ഡിവിഷന്‍ അഡ്വ.പി.വി മനാഫ് (ജനറല്‍) എന്നീ 10 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തലവനായും ജില്ലാ കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയായും പതിനഞ്ച് അംഗമുള്ള ഒരു സമിതിയാണ് ജില്ലാ ആസൂത്രണ സമിതി. പതിനഞ്ച് അംഗങ്ങളില്‍ 12 പേരും ജില്ലാ പഞ്ചായത്തുകളില്‍ നിന്നും നഗര തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനസംഖ്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് ജില്ലാ ആസൂത്രണ സമിതിയാണ്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്.ഹരികുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് സദാനന്ദന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.