ആലപ്പുഴ: സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 150 ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്.പി.ഒ.) സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ഹരിത സമൃദ്ധി പദ്ധതിയുടെയും സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ സംഭരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി പൊതു വിപണിയില്‍ എത്തിക്കാനാവശ്യമായ സഹായങ്ങള്‍ മുന്നോട്ടു വയ്ക്കുകയുമാണ് ഫാര്‍മസി പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ കൊണ്ട് ഉദേശിക്കുന്നത്. ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കും. കാര്‍ഷിക ബാങ്കുകള്‍ വഴി ഒരു ശതമാനം പലിശയ്ക്ക് രണ്ടുകോടി രൂപ വരെ സഹായവും കര്‍ഷകര്‍ക്ക് ലഭിക്കും. അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ഒന്നില്‍ കൂടുതല്‍ പദ്ധതികള്‍ സമര്‍പ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും ഉത്പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാനും നല്ല ഇടപെടലുകള്‍ ഉണ്ടാകും. വിളവ് കൂടുതല്‍ ലഭിക്കുമ്പോള്‍ അത് സംഭരിക്കുന്നതിനൊപ്പം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലേക്ക് മാറ്റി വിപണനം ചെയ്താല്‍ കര്‍ഷകര്‍ക്ക് തന്നെയാണ് അതിന്റെ ഗുണഫലം ലഭിക്കുക. ഇതിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി മാതൃകാ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഹരിത സമൃദ്ധി, മാതൃകാ കൃഷിത്തോട്ടം പദ്ധതികള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതികളാകണം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഇന്ത്യയ്ക്കാകെ മാതൃകയാവുന്ന ബ്ലോക്ക് പഞ്ചായത്തായി മാറണമെന്നും അതിന് സര്‍ക്കാറിന്റെയും കൃഷിവകുപ്പിന്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹരിത സമൃദ്ധി, മാതൃകാ കൃഷിത്തോട്ടം -സുഗന്ധവിള പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. ഹരിത സമൃദ്ധി പദ്ധതിയിലൂടെ ബ്ലോക്ക് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വാര്‍ഡിലെ എല്ലാ വീടുകള്‍ക്കും കൃഷിചെയ്യാനുള്ള വിത്തും, പച്ചക്കറി തൈകളും സൗജന്യമായി നല്‍കും. കേര -കേരളം പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മാതൃകാ കൃഷിത്തോട്ടത്തിന്റെയും സുഗന്ധവിളകളുടെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഡി. ഷിമ്മി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത തിലകന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഉത്തമന്‍, പി. എസ്. ഷാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.സി ഷീന, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ്, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.