വയനാട്: ജില്ലയില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് സ്മാര്‍ട്ട് അങ്കണവാടികളുടെയും, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ജില്ലയുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളുടെ ഉന്നമനത്തിന് സഹായകമാവുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു.

പൂർത്തിയാക്കിയ അംഗൻവാടികളുടെയും നൂൽപ്പുഴ ഫിസിയോതെറാപ്പി യൂണിറ്റിൻ്റെയും താക്കോൽ കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ വി.ജെ. ജോസ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ എളമരം കരീം എം.പി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ബന്ധപ്പട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനിലും, ടി. സിദ്ദിഖ് എം.എൽ.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍ (ഫിനാന്‍സ്) വി.ജെ ജോസ്, എ.ഡി.എം ഷാജു എന്‍.ഐ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്ര, കൊച്ചിൻ ഷിപ്യാർഡ് സി.എസ്‌.ആർ എ.ജി.എം പി.എൻ. സമ്പത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് 120 ലക്ഷം രൂപ ചെലവില്‍ നാല് സ്മാര്‍ട്ട് അങ്കണവാടികളുടെയും, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഫിസിയോ തെറാപ്പി യൂണിറ്റിന്റെ നിര്‍മ്മാണത്തിനായി രാജ്യസഭാംഗം എളമരം കരീമിന്റെ എം.പി ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ കാപ്പുംകൊല്ലി അങ്കണവാടിയുടെ നിര്‍മ്മാണത്തിനായി 33.60 ലക്ഷം രൂപയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വരദൂര്‍ അങ്കണവാടി്ക്കായി 26.90 ലക്ഷം രൂപയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ കരയോത്തിങ്കല്‍ അങ്കണവാടിക്കായി 33.60 ലക്ഷം രൂപയും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ അമ്പതേക്കര്‍ അങ്കണവാടിക്കായി 28.90 ലക്ഷം രൂപയുമാണ് ചെലവായത്. ജില്ലാ നിര്‍മിതി കേന്ദ്രയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക ആസ്പിരേഷന്‍ ജില്ലയാണ് വയനാട്. ജില്ലകളെ ത്വരിതഗതിയില്‍ വികസനോന്മുഖമായി പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് മുഖേന ആസ്പിരേഷന്‍ ഡിസ്ട്രിക് പദ്ധതി ആരംഭിച്ച് നടപ്പിലാക്കുന്നത്. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്ങളും, സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യശേഷി വികസനവും, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സംയോജിത പ്രവര്‍ത്തനം, കേന്ദ്ര- സംസ്ഥാന പ്രഭാരി ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ സഹകരണം, ജില്ലകള്‍ തമ്മിലുള്ള മത്സരം എന്നീ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ വികസനത്തിലേക്ക് നയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.