കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഈ രണ്ട് കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മൂന്ന് ദിവസത്തെ ആകെ പോസിറ്റീവ് കേസുകളുടെ പത്ത് മടങ്ങ് ടെസ്റ്റുകള്‍ വീതം തുടര്‍ന്നു വരുന്ന മൂന്ന് ദിവസവും നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റിജന്‍ ടെസ്റ്റുകള്‍ക്കൊപ്പം ആര്‍ടിപിസിആര്‍ പരിശോധനകളും വര്‍ധിപ്പിക്കണം.

വൈറസ് ബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന് വേണ്ടിയാണിത്. ഒരു തദ്ദേശ സ്ഥാപനത്തില്‍ നടത്തുന്ന ആകെ ടെസ്റ്റുകളുടെ 65 ശതമാനം ആര്‍ടിപിസിആറും ബാക്കി 35 ശതമാനം ആന്റിജനും എന്ന രീതിയില്‍ എണ്ണം ക്രമീകരിക്കണം. നിലവില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ജില്ലയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കണം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 15 വരെയുള്ള സി കാറ്റഗറിയിലും അതിനു മുകളിലുള്ള ഡി കാറ്റഗറിയിലും പെട്ട പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇതിനായി നിയമിക്കപ്പെട്ട ചാര്‍ജ് ഓഫീസര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.