കോഴിക്കോട്: സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സ്യകര്‍ഷക ദിനാചരണം നാളെ (ജൂലൈ 10) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓണ്‍ലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ 13 കേന്ദ്രങ്ങളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും. മികച്ച മത്സ്യകര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. പഞ്ചായത്ത്തല വിവര ശേഖരണ പുസ്തകം പ്രകാശനം ചെയ്യും. നൂതന മത്സ്യകൃഷി രീതികളെക്കുറിച്ചുള്ള വെബിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടത്തും. ഇന്ത്യയിലാദ്യമായി 1957 ജൂലൈ 10ന് പ്രേരിത പ്രചരണത്തിലൂടെ മത്സ്യവിത്ത് ഉത്പാദിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 10 മത്സ്യകര്‍ഷക ദിനമായി ആചരിക്കുന്നത്. ജില്ലയില്‍ 242.85 ഹെക്ടറില്‍ ശുദ്ധജല മത്സ്യകൃഷിയും 71.18 ഹെക്ടറില്‍ ഓരുജല മത്സ്യകൃഷിയും 150 ഹെക്ടറില്‍ ഒരു നെല്ലും മീനും കൃഷിയും നടത്തുന്നുണ്ട്. കൂടാതെ സുഭിക്ഷ കേരളം, പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന, ജനകീയ മത്സ്യകൃഷി പദ്ധതികളിലായി 4,758 കര്‍ഷകര്‍ മത്സ്യകൃഷിയില്‍ വ്യാപൃതരാണ്. ഫോണ്‍ :0495 2383780.