കാസര്‍ഗോഡ്:  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജാഗ്രതാ സമിതി യോഗത്തില്‍ തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ വസ്തു വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കയ്യുറയും മാസ്‌കും കൃത്യമായി ധരിച്ച് മാത്രമേ ജോലി ചെയ്യാന്‍ പാടുളളൂ. നിയമ ലംഘിക്കുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുത്ത് പകര്‍ച്ച വ്യാധി നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടികള്‍ സ്വീകരിക്കും.

പ്രധാന നിയന്ത്രണങ്ങള്‍

· ഹോട്ടലുകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പാര്‍സല്‍ നല്‍കുന്നതിന് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂ.
· മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂ.
· ഓട്ടോ- ടാക്‌സി സ്റ്റാന്‍ഡുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല
· മത്സ്യവില്‍പ്പന റോഡില്‍ നിന്നും മാറി അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ നടത്താന്‍ പാടുളളൂ.
· അവശ്യ സാധനങ്ങള്‍ താമസസ്ഥലത്തിന് അടുത്തുളള കടകളില്‍ നിന്നും മാത്രം വാങ്ങാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
· സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മാത്രം പ്രവര്‍ത്തിക്കണം.
· മൂന്ന്, അഞ്ച്, എട്ട് വാര്‍ഡുകളില്‍ രോഗവ്യാപനം കൂടുതല്‍ ആയതിനാല്‍ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ഇവിടെ നിന്ന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനോ അവിടേക്ക് മറ്റ് സ്ഥലങ്ങളിലെ ജനങ്ങള്‍ പ്രവേശിക്കുവാനോ അനുമതിയില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് വാര്‍ഡ് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം.
· പഞ്ചായത്ത് പരിധിയില്‍ കൂട്ടം ചേരലും കളികളും പൂര്‍ണ്ണമായും നിരോധിച്ചു.
· അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ജീവനക്കാര്‍ക്കും മത്സ്യ-മാംസ വില്‍പ്പനക്കാര്‍ക്കും 15 ദിവസത്തിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.