കാസര്‍ഗോഡ്:  ജില്ലയില്‍ കോവിഡ് രോഗ സ്ഥിരീകരണം കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും സമയപരിധി കഴിഞ്ഞു തുറന്നിട്ടിരിക്കുന്ന കടകള്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചു. ടി പി ആര്‍ നിരക്ക് 15 ല്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ സമ്പുര്‍ണ ലോക് ഡൗണ്‍ ഒരാഴ്ച തുടരുമെന്നിരിക്കെ സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെയാണ് കേസുകളെടുക്കുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ പരിധിയില്‍ ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഓരോ പ്രദേശങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കി.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക സ്റ്റേഷനുകളിലെ സി ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരത്തുകളില്‍ പരിശോധനക്കിറങ്ങി. ഇവിടങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടിയതിനും ഉള്‍പ്പടെ 450 കേസുകളാണെടുത്തത്. 7500 പേര്‍ക്ക് താക്കീത് നല്‍കി. കാറ്റഗറി ഡി, സി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ അവശ്യസേവനങ്ങള്‍ അനുവദിക്കുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പോലീസ് രംഗത്തിറങ്ങിയത്. കാറ്റഗറി ഡി പ്രദേശങ്ങളില്‍ പോലീസ് ബൈക്ക് പട്രോളിങും നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക്, ഗ്ലൗസ്, സാൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അല്ലാത്ത പക്ഷം അടച്ചു പൂട്ടാനും കഴിഞ്ഞ ദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു.