കാസര്‍ഗോഡ്:  ഡ്രഗ്സ് ഫ്രീ കാസര്‍കോട് എന്ന സന്ദേശമുയര്‍ത്തി തയ്യാറാക്കിയ വീഡിയോ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധവാരത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പാണ് ചിത്രീകരണം നടത്തിയത്. വളര്‍ന്നു വരുന്ന തലമുറയില്‍ ലഹരിക്കെതിരായ ബോധവത്കരണം വളര്‍ത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ സന്ദേശങ്ങളോട് കൂടിയാണ് വീഡിയോ തയ്യാറാക്കിയത്. എ.ഡി.എം എ.കെ.രമേന്ദ്രന്‍ വീഡിയോ പ്രകാശനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടീ കമ്മീഷണര്‍ വിനോദ്.ബി.നായര്‍, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് പ്രൊജക്ട് മാനേജര്‍ കവിതാ റാണി രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു എന്നിവര്‍ സംസാരിച്ചു. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ പ്രതിനിധി മോഹന്‍ദാസ് വയലാംകുഴിയാണ് സാമൂഹ്യ നീതി വകുപ്പിന് വേണ്ടി വീഡിയോ ചിത്രീകരണം നടത്തിയത്.