ഭരണമികവിന്റെ തിളക്കവുമായി എസ്. സുഹാസ് പടിയിറങ്ങുന്നു
എറണാകുളം: പ്രതിസന്ധികളെ അവസരമാക്കി മാറ്റി എറണാകുളത്തെ വളര്‍ച്ചയിലേക്ക് നയിച്ച ജില്ലാ കളക്ടര്‍ എസ്.സുഹാസ് പടിയിറങ്ങുന്നത് കേരളത്തിന്റെ ദ്രുതവികസനത്തിന് ചാലകശക്തിയാകാന്‍ പോന്ന പുതിയ ചുമതലകള്‍ ഏറ്റെടുക്കാനാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, ദക്ഷിണേന്ത്യയിലെ തന്നെ വ്യോമയാന, ടൂറിസം മേഖലയിലെ നിര്‍ണായക ശക്തിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുടെ കുതിപ്പിനായി തന്റെ മാനേജ്‌മെന്റ്് മികവ് വിനിയോഗിക്കുമ്പോള്‍ അത് സംസ്ഥാനത്തിനാകെ കരുത്ത് പകരും.
2018 ലുണ്ടായ മഹാപ്രളയത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് 2019 ജൂണ്‍ 20 ന് ജില്ലാ കളക്ടറായി എസ്. സുഹാസ് ചുമതലയേല്‍ക്കുന്നത്. ജില്ലയുടെ ഭരണസാരഥ്യമേറ്റതിനു ശേഷം അദ്ദേഹം ആദ്യമെത്തിയത് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം തീരമേഖലയിലായിരുന്നു. തുടര്‍ന്ന് 2019 ലെ വെള്ളപ്പൊക്കം, പിന്നീടുള്ള രണ്ടു വര്‍ഷത്തെ കോവിഡ് ദുരിതകാലം. ഇതിനിടയില്‍ എറണാകുളം ഉപതിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയും കൃത്യതയോടെയും സുതാര്യതയോടെയും പരാതി രഹിതമായും നിര്‍വഹിക്കാന്‍ സുഹാസിന് കഴിഞ്ഞു.
പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ മൂന്നു വര്‍ഷത്തില്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായത് എസ്. സുഹാസിന്റെ കരുത്തുറ്റ നേതൃത്വമായിരുന്നു. ജോലിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നിലപാട് സ്വീകരിക്കാനും നൂതനാശങ്ങള്‍ മികവോടെ ആവിഷ്‌ക്കരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കടലാക്രമണം, റോഡുകളുടെ അറ്റകുറ്റപ്പണി, മാലിന്യപ്രശ്‌നം എന്നിവ പരിഹരിക്കാന്‍ മുന്‍ഗണന നല്‍കുമെന്നാണ് അദ്ദേഹം ചുമതലയേറ്റ ശേഷം പറഞ്ഞത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകള്‍ക്ക് മൂക്കുകയറിടാന്‍ റോഡില്‍ പരിശോധനയ്ക്കിറങ്ങി കളക്ടറുടെ മാസ് എന്‍ട്രി. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കളക്ടര്‍ നേരിട്ട് പരിശോധനയ്‌ക്കെത്തിയത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്‌റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം.
2018 ലെ പ്രളയത്തെ തുടര്‍ന്നുള്ള അനന്തര നടപടികളില്‍ ജില്ല സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് എസ്. സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയത്. പ്രളയാനന്തര നടപടികളില്‍ എറണാകുളം ജില്ലയിലെ ഡിജിറ്റല്‍വല്‍ക്കരണം, പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം, ഗുണഭോക്താക്കളെ കണ്ടെത്തല്‍, സഹായവിതരണം തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ തുടരാന്‍ കളക്ടര്‍ക്ക് കഴിഞ്ഞു.
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അപ്പീലുകളിന്മേലുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പിലും ജില്ല മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
201920 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റെവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലക്കായിരുന്നു. 171.49 കോടി രൂപയാണ് ജില്ലയില്‍ പിരിച്ചെടുത്തത് ഇതില്‍ 115.99 കോടി രൂപ റെവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാന്‍ഡ് റെവന്യൂ ഇനത്തിലുമായിരുന്നു. ജില്ല കളക്ടറുടെ ഏകോപന മികവും ജീവനക്കാരുടെ അര്‍പ്പണ ബോധവുമായിരുന്നു നേട്ടത്തിനു പിന്നില്‍
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 കൊല്ലമായി അടഞ്ഞ് കിടന്നിരുന്ന കോയിത്തറ കനാല്‍ പൂര്‍ണമായി ശുചീകരിച്ച് വെള്ളം തേവരക്കായലിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പനമ്പിള്ളി നഗര്‍, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ഇത് പരിഹാരമായി
ജില്ലയെ മാലിന്യമുക്തമാക്കാന്‍ ‘ക്ലീന്‍ എറണാകുളം’ മാലിന്യനിര്‍മാര്‍ജ്ജന യജ്ഞം നടപ്പാക്കി.
ഓഫീസുകളിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മാതൃകാപരമായ പദ്ധതിയും ജില്ലാ ഭരണകൂടം നടപ്പാക്കി. ഓഫീസുകളിലെ ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിക്കുകയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കമ്പോസ്റ്റാക്കുകയും ചെയ്യുകയാണ് പദ്ധതി. ഓഫീസുകളില്‍ ബയോ ഡൈജസ്റ്റര്‍ പോട്ട് സ്ഥാപിച്ചാണ് കമ്പോസ്റ്റ് നിര്‍മാണം.
ജിഡയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കി. പിഴലമൂലമ്പിള്ളി പാലത്തിന്റെ ഉദ്ഘാടനം 2020 ജൂണ്‍ 22 ന് നടന്നു.
എറണാകുളം കളക്ടറേറ്റിലെ മികച്ച ജീവനക്കാര്‍ക്കുള്ള പ്രതിമാസ അവാര്‍ഡിനായി പൊതുജനങ്ങള്‍ക്ക് ജീവനക്കാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അവസരമൊരുക്കി. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക് സമ്മാനവും നല്‍കി.
കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 2019 ഓഗസ്റ്റ് 30 ന് കിടത്തിച്ചികിത്സ ആരംഭിക്കാനും ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കാനും സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ സാധിച്ചു.
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി പൊതുജനങ്ങളോട് ഓഫീസ് സേവനം, സേവനം ലഭിക്കാനെടുക്കുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി.
കോവിഡ് ആദ്യവ്യാപന ഘട്ടത്തില്‍ വിസ്‌ക് കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചു. ജില്ലയിലെ ഈ മാതൃക ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ വ്യാപനം രൂക്ഷമായിരുന്ന ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഓരോ ദിവസവും ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് പ്രതിരോധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. കോവിഡ് രോഗികള്‍ക്കായി പ്രത്യേക ആശുപത്രികളും നിരീക്ഷണ കേന്ദ്രങ്ങളും ആദ്യമായി സജ്ജമാക്കിയ ജില്ലകളിലൊന്നായി എറണാകുളം.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഒരു ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവുമുയര്‍ന്ന കോവിഡ് വ്യാപനമുണ്ടായിരുന്ന എറണാകുളം ജില്ലയില്‍ രാജ്യത്ത് ആദ്യമായി പ്ലാന്റില്‍ നിന്ന് നേരിട്ട് ബെഡുകളിലെത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കി. ബിപിസിഎല്ലിന്റെ സഹകരണത്തോടെ അമ്പലമുഗളിലായിരുന്നു ഇത്.
സമഗ്രമായ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കി. ഓക്‌സിജന്‍ വാര്‍ റൂം, പേഷ്യന്റ് ലിഫ്റ്റ് കെയര്‍ തുടങ്ങിയ നൂതനാശയങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി
ഓക്‌സിജന്‍ ബഫര്‍ സ്‌റ്റോക്ക് ഉറപ്പാക്കുന്നതിനായി ഓക്‌സിജന്‍ ഉത്പാദന കേന്ദ്രങ്ങള്‍ മുഴുവന്‍ സമയ പ്രവര്‍ത്തനസജ്ജമാക്കി. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു
വ്യാവസായിക സിലിണ്ടറുകള്‍ ശുചീകരിച്ച് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്ന പദ്ധതി ജില്ലയില്‍ നടപ്പാക്കി
എറണാകുളം ജില്ലയില്‍. ചെല്ലാനത്തും കുട്ടമ്പുഴയിലും പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായുള്ള എറണാകുളം ജില്ലയിലെ സ്ഥലമേറ്റെടുപ്പിന് നടപടി ആരംഭിച്ചു
മഴക്കാലത്തിനു മുന്നാടിയായി ഈ വര്‍ഷം സിയാലില്‍ സംയോജിത വെള്ളപ്പാക്ക നിവാരണ പദ്ധതി പ്രവാഹിന് തടക്കം കുറിച്ചു. സിയാല്‍ പദ്ധതികളെ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് 130 കോടി ചെലവ് വരുന്ന പദ്ധതി
സിയാല്‍ എംഡിയുടെ ചുമതലയേറ്റ ശേഷം പ്രവാസികള്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം ആരംഭിച്ചു
തമ്മനം പുല്ലേപ്പടി റോഡ് വികസനം യാഥാര്‍ഥ്യമാക്കുന്നതിന് ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
വൈറ്റില ജംഗ്ഷന്‍ വികസനത്തിനായി 20 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കോ വിഡ് രണ്ടാം വ്യാപന ഘട്ടത്തില്‍ എയ്ഡ്‌സ് രോഗികള്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ച് പുതിയ ചുവട്
ഫോര്‍ട്ടുകൊച്ചി ബീച്ച് സംരക്ഷണത്തിനായി വിശദമായ പദ്ധതി തയാറായി വരുന്നു. ചീനവലകളുടെ സംരക്ഷണവും ഏറ്റെടുത്തു നടപ്പാക്കാനായി
20 ടണ്‍ സംഭരണ ശേഷിയുള്ള മൂന്ന് ഓക്‌സിജന്‍ ടാങ്കകള്‍ സിംഗപ്പൂരില്‍ നിന്നും ജില്ലയിലെത്തിച്ച് കോ വിഡ് പ്രതിരോധത്തിന് കരുത്തായി
ചെല്ലാനത്ത് മാത്രയാ മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സജീവമായ ഇടപെടല്‍.
ജില്ലയിലെ ആദിവാസി ഊരുകളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് ്രൈടബ് വാക്‌സ് മിഷന്‍ നടപ്പാക്കി.
ചെല്ലാനത്ത് ഈ വര്‍ഷം കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തി. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
കടലാക്രമണ കെടുതികളോട് പൊരുതാന്‍ ചെല്ലാനത്തുകാര്‍ക്കൊപ്പം ചേര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതും ചെളി നിറഞ്ഞതുമായ വീടുകള്‍, പൊതു സ്ഥാപനങ്ങള്‍, റോഡുകള്‍ എന്നിവ വൃത്തിയാക്കി ജില്ലാ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ ദൗത്യം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിര്‍വഹിച്ചു.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന് എതിരായ പ്രതിരോധനടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകളക്ടര്‍മാരുടേയും ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ കേരളത്തിന്റെ പ്രതിരോധവും നേട്ടങ്ങളും വിശദീകരിച്ച് അവതരണം നടത്തിയത് എസ്. സുഹാസായിരുന്നു.
2021 മെയില്‍ കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ അതിവേഗത്തില്‍ ഇടപെട്ടു. കലൂര്‍, ജഡ്ജസ് അവന്യൂ, സ്‌റ്റേഡിയം, മുല്ലശ്ശേരി കനാല്‍ പരിസരം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ അതിവേഗത്തില്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ ഫലം കണ്ടു. കൊച്ചി നഗരസഭയുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു ശ്രമം. 105 ഒജ ശേഷിയുള്ള ഒരു പമ്പ് സെറ്റ് ആലപ്പുഴയില്‍ നിന്ന് എത്തിച്ചാണ് വെള്ളമൊഴുകാനുള്ള തടസങ്ങള്‍ നീക്കിയത്. 10 ലക്ഷം ലിറ്റര്‍ വെള്ളം മണിക്കൂറില്‍ പമ്പ് ചെയ്ത് കളയാവുന്ന വിധം വലിയ സെറ്റ് ഉപയോഗിച്ച് നടത്തിയ ഇടപെടല്‍ ഏറെ പ്രയോജനപ്പെടുകയും ചെയ്തു.
വാക്‌സിനേഷന്‍ വേഗതയുടെ കാര്യത്തിലും എറണാകുളം ജില്ല ദേശീയ തലത്തില്‍ ഒന്നാമതെത്തിയിരുന്നു. 2021 മെയിലെ കണക്ക് പ്രകാരം ദേശീയ ശരാശരിയേക്കാള്‍ ജില്ല മുന്നിലെത്തി. നാല്‍പ്പതിനായിരത്തിലേറെ ആക്ടീവ് കേസുകളുള്ള രാജ്യത്തെ നഗരങ്ങളില്‍ ഏറ്റവും വേഗതയില്‍ വാക്‌സിനേഷന്‍ നടക്കുന്നത് എറണാകുളം ജില്ലയിലാണ്.
കോവിഡ് വ്യാപനത്തിനിടയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കി തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സമാധാനപരവും സുതാര്യവുമായി ജില്ലയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി
ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ചു. കൂടിയ നിരക്ക് ഈടാക്കുന്ന ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന നിലപാട് സ്വീകരിച്ചു
കോവിഡ് പ്രതിരോധത്തിനായി ആദ്യഘട്ടത്തിലേതിനു സമാനമായി സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിച്ച് പ്രവര്‍ത്തിക്കാനായി. സ്വകാര്യ ലാബുകളെയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തി
രണ്ടാം കോവിഡ് വ്യാപനഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. അമ്പതിനായിരത്തിലധികം അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. അതിഥി തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചു
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ബിപിസിഎല്ലില്‍ നിന്ന് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ഊര്‍ജിതമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഓക്‌സിജന്റെ കൂടുതല്‍ കരുതല്‍ ശേഖരം ഒരുക്കുന്നതിനും നേതൃത്വം നല്‍കി
കോവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക കോവിഡ് പരിശോധന ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. പൊതു , സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി പ്രയോജനപ്പെടുത്തി.
എന്റെ കുളം എറണാകുളം പദ്ധതിയുടെ ഭാഗമായി വടവുകോട് പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിച്ചു. നവീകരിച്ച തൃപ്പുണിത്തുറ പാവം കുളങ്ങര ക്ഷേത്രക്കുളവും നാടിന് സമര്‍പ്പിച്ചു.
അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപം വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തില്‍ പ്രായമുള്ള അമ്മയും മകളും മരുമകനും മൂന്നു മാസം പ്രായമായ കുഞ്ഞിനെയും സംരക്ഷണം നല്‍കി.
ചെല്ലാനത്തെ പ്രതിരോധ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ പ്രശംസ ലഭിച്ചു.
ജില്ലയില്‍ കോവിഡ്19 മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച് പോര്‍ട്ടിന്റെ ഉടമസ്ഥതയില്‍ വില്ലിംഗ്ടണ്‍ ഐലന്റിലുളള സാമുദ്രിക ഹാളില്‍ നൂറ് ബെഡുകളുള്ള കോവിഡ് ആശുപത്രി സജ്ജമാക്കി
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം പീസ് വാലിയില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന അന്‍പതോളം ഭിന്നശേഷിക്കാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പീസ് വാലിയില്‍ സജ്ജമാക്കിയ മാതൃക പോളിംഗ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കി.
വൃദ്ധ ദമ്പതിമാരുടെ സ്ഥലവും വീടും മതസ്ഥാപനത്തിന്റെ പേരില്‍ കബളിപ്പിച്ച് ആധാരം നടത്തിയെന്ന പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശികളായ പരീത് മുഹമ്മദ്, കദീജ ബീവി എന്നിവരുടെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ഇവരെ അനാഥാലയത്തിന് കൈമാറാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. അനാരോഗ്യം മൂലം ചേംബറിലേക്ക് എത്താന്‍ പ്രയാസം നേരിട്ട ഇവരുടെ അടുത്തെത്തി പരാതി വാങ്ങുകയായിരുന്നു.
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നേരിട്ട് എത്തിച്ച് വിദ്യാര്‍ഥികളുടെ പ്രിയ കളക്ടറായും അദ്ദേഹം മാറി. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. 2019 ജൂണ്‍ 20ന് എറണാകുളം കളക്ടറായി സുഹാസ് ചുമതലയേല്‍ക്കുമ്പോള്‍ 1.40 ലക്ഷം പേരാണ് ഈ പേജ് പിന്തുടര്‍ന്നിരുന്നത്. ചുമതലയേറ്റ് കൃത്യം ഒരു വര്‍ഷം തികഞ്ഞ് 2020 ജൂണ്‍ 19 ന് ഫേസ്ബുക്ക് ഫോളേവേഴ്‌സ് മൂന്നു ലക്ഷം പിന്നിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ 1.60 ലക്ഷം പേര്‍ കൂടി കളക്ടറുടെ പേജിലേക്കെത്തി. നിലവില്‍ 391,856 ആണ് പേജ് ലൈക്ക്. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൂതാര്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും പേജ് പ്രയോജനപ്പെടുത്തുന്നു. സുപ്രധാന വിഷയങ്ങളില്‍ ലൈവായി ജനങ്ങളോട് സംവദിക്കുന്നതിന് ഫേസ്ബുക്കും ലൈവും സുഹാസ് വിനിയോഗിച്ചിരുന്നു.
കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍, ഗിഫ്റ്റ് സിറ്റി, സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി ഉള്‍പ്പടെയുള്ള നിരവധി വികസന പദ്ധതികള്‍ക്ക് ഭരണപരമായ പിന്തുണ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചെല്ലാനത്ത് നിന്നാരംഭിച്ച എസ്. സുഹാസിന്റെ ഇടപെടലുകള്‍ ജില്ലയുടെ സമഗ്ര വികസനത്തിനും മുന്നേറ്റത്തിനും വഴിയൊരുക്കുന്നതായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് കരുത്തോടെ മുന്നേറാനും ജില്ലയ്ക്ക് എസ്. സുഹാസിന്റെ ഭരണസാരഥ്യം സഹായകരമായി. ആ ചാരിതാര്‍ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.