ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ആലോചന യോഗത്തിലാണ് തീരുമാനം. 75 ആഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ജില്ലയിൽ കരുവാറ്റ, ആറാട്ടുപുഴ, ആലപ്പുഴ, വയലാർ, കായംകുളം കൃഷ്ണപുരം എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ജൂലൈ അവസാന വാരം ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യവാഞ്ഛയും എന്ന വിഷയത്തിൽ ആറാട്ടുപുഴ മംഗലത്ത് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ-ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ, കുമാരനാശാൻ, തകഴി, കുഞ്ചൻനമ്പ്യാർ, എ.ആർ. സ്മാരക സമിതികൾ, കുടുംബശ്രീ, ജില്ല ലൈബ്രറി കൗൺസിൽ, സാക്ഷരത മിഷൻ, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുക. ഒക്‌ടോബർ രണ്ടാംവാരം ‘സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ കേരളത്തിൽ’ എന്ന വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പരിപാടികൾ സംഘടിപ്പിക്കും. 2022 ഫെബ്രുവരി ആദ്യവാരം ‘1946 ലെ പുന്നപ്ര വയലാർ സമരം’ എന്ന വിഷയത്തിൽ വയലാറിലും ഏപ്രിൽ അവസാനവാരം ആലപ്പുഴ നഗരത്തിന്റെ ചരിത്രവും നഗര ശിൽപി ദിവാൻ രാജ കേശവദാസും എന്ന വിഷയത്തിൽ ആലപ്പുഴയിലും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തും. അടുത്തവർഷം ജൂണിൽ ‘വിദേശാധിപത്യത്തിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ’ എന്ന വിഷയത്തിൽ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ലളിതകലാ അക്കാദമിയുമായി ചേർന്ന് കായംകുളം കൃഷ്ണപുരത്ത് പരിപാടി സംഘടിപ്പിക്കും.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. അവകാശസംരക്ഷണം, സ്വാതന്ത്ര്യവാഞ്ഛ, സാമൂഹിക നീതി എന്നിവയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും കുടുംബശ്രീയുടെ നേതൃത്വത്തിൽ ചരിത്ര പുസ്തകം തയാറാക്കും. സി.ഡി.എസുകൾ വഴി ഇതിന്റെ വിവരശേഖരണം ഉൾപ്പടെയുള്ളവ നടത്തും. ചരിത്രകാരന്മാർ, കോളജുകളിലെ ചരിത്ര അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സേവനവും ഇതിനായി വിനിയോഗിക്കും. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചോതി ഓഗസ്റ്റ് 14ന് രാത്രി ഏഴിന് ജില്ലയിൽ എല്ലാ വീടുകളിലും ‘സ്വാതന്ത്ര്യജ്യോതി’ തെളിയിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുക. 1926ലെ ഗാന്ധിജിയുടെ കരുവാറ്റ ഇംഗ്‌ളീഷ് സ്‌കൂൾ സന്ദർശനത്തോടനുബന്ധിച്ച് ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.
യോഗത്തിൽ എ.ഡി.എം. ജെ. മോബി, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പഞ്ചായത്ത് ഉപഡയറക്ടർ എസ്. ശ്രീകുമാർ, സാംസ്‌കാരിക വകുപ്പ് ഉപഡയറക്ടർ ഡോ. എം.പി. രാധാമണി, കുടുംബശ്രീ എ.ഡി.എം.സി. കെ.ബി. അജയകുമാർ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ, സെക്രട്ടറി റ്റി. തിലകരാജ്, പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ കെ.എസ്. സുമേഷ്, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി കെ.വി. വിപിൻദാസ്, നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ പങ്കെടുത്തു.