ഇടുക്കി ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ ഐ.എ.എസിന് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 2019 ഫെബ്രുവരി 18 ന് പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടത്തിപ്പിന് ജില്ലാ കളക്ടറായിട്ടെത്തിയ അദ്ദേഹം ചുമതല തുടരാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. രണ്ട് വര്‍ഷവും അഞ്ച് മാസവും ജില്ലയുടെ അമരക്കാരനായിരുന്ന അദ്ദേഹത്തിന് പഞ്ചായത്ത് ഡയറക്ടറായി തിരുവനന്തപുരത്തേക്കാണ് സ്ഥലമാറ്റം. ജില്ലയിലെ നിരവധി ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലധികം പഴക്കംചെന്ന കഞ്ഞിക്കുഴി, വാഴത്തോപ്പ്, കരിമണ്ണൂര്‍ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത് എച്ച് ദിനേശന്റെ സേവനകാലത്തെ പൊന്‍തൂവലാണ്. പെട്ടിമുടി ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും സമയബന്ധിതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതും അദ്ദേഹത്തിന്റെ ഭരണ മികവിന്റെ പ്രതിഫലനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഇടുക്കി ജില്ലാകളക്ടറയി ചുമതലയേറ്റ ശേഷം പാര്‍ലമെന്‍റ്, നിയമസഭ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകള്‍ക്ക് ജില്ലയിൽ നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി എച്ച് ദിനേശന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫല പ്രഖ്യാപനം നടത്തുന്ന ഇന്ത്യയിലെ തന്നെ രണ്ടാമത്തെ മണ്ഡലമാക്കാന്‍ തന്റെ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ സാധിച്ചെന്നും അദ്ദേഹം ഓര്‍മിച്ചെടുത്തു. സാധരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് സാധരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും തന്റെ മുന്നിലെത്തുന്നവരുടെ പ്രശ്‌നം കേള്‍ക്കാനെങ്കിലും തയ്യാറാകുന്നത് അവര്‍ക്ക് ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗ്ഗീസ്, വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, വീഡിയോ കോണ്‍ഫറന്‍സിലൂടെ എംപി ഡീന്‍ കുര്യാക്കോസ് എന്നിവരും ജില്ലാ കളക്ടര്‍ക്ക് ആശംസകളറിയിച്ചു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അമാനത്ത് പി എ കൃതജ്ഞത രേഖപ്പെടുത്തി.