കാസർഗോഡ്:  ദേലംപാടി പഞ്ചായത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കഴിയുന്ന 33 കെവി സബ്സ്റ്റേഷൻ നിർമാണം എത്രയും വേഗം ആരംഭിക്കാനുള്ള ഇടപെടലുമായി സി എച്ച് കുഞ്ഞമ്പു എംഎൽഎ.

33 കെ.വി സബ് സ്റ്റേഷൻ അനുവദിക്കുകയും ബജറ്റിൽ തുക മാറ്റിവെയ്ക്കുകയും ചെയ്തുവെങ്കിലും, കെ.എസ്.ഇ.ബി നിർദ്ദേശിച്ച പ്രദേശത്ത് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ സബ് സ്റ്റേഷൻ നിർമ്മാണം അനന്തമായി നീണ്ടു പോവുകയായിരുന്നു. ഇതിന് പരിഹാരം തേടി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു.വൈദ്യതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപെട്ട സ്ഥലം കണ്ടെത്തി നൽകുന്നതിന് യോഗത്തിൽ തീരുമാനമായി.

നിലവിൽ, മുള്ളേരിയ 110 കെ.വി സബ്സ്റ്റേഷനിൽ നിന്നാണ് അഡൂരിലേക്കും ദേലമ്പാടിയിലേക്കും വൈദ്യുതിയെത്തുന്നത്. ലൈൻ തകരാറുകൾ കണ്ടെത്താനായി 27 കിലോമീറ്റർ കാട്ടിലൂടെയാണ് ലൈൻ പോവുക. ഇത് മൂലം തകരാറുകൾ പരിഹരിക്കാൻ കാലതാമസമുണ്ടാക്കുന്നു. മഴക്കാലങ്ങളിൽ ലൈൻ തകരാറിലാകുന്നത് പതിവാണ്. ഇതിന് പരിഹാരമായാണ് 33 കെ.വി സബ്സ്റ്റേഷൻ പദ്ധതി തയ്യാറാക്കിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദേലംപാടിക്കാരുടെ കാലങ്ങളായുള്ള ആവശ്യം നിറവേറും.