ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല.

മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.

അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി.

ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.
മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്‌നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു.

അദ്ദേഹം എന്നും സ്‌നേഹ വാൽസല്യങ്ങളോടെയുള്ള പരിഗണന എനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്‌നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഡോ: പി.കെ. വാര്യരുടെ നിര്യാണത്തിൽ മന്ത്രി ഡോ: ആർ ബിന്ദു അനുശോചിച്ചു

ഡോ: പി.കെ. വാര്യരുടെ നിര്യാണത്തിൽ മന്ത്രി ഡോ: ആർ ബിന്ദു അനുശോചിച്ചു.
പരമ്പരാഗതമായ ആയുർവേദ ജ്ഞാനത്തെ പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തേടെ കാലത്തിനും ജീവിതരീതിക്കും അനുസൃതമായി നവീകരിക്കുകയും ജനകീയമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. പി കെ വാര്യർ. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കും ജ്ഞാന വ്യവസ്ഥയ്ക്കും അനന്യമായ സംഭാവനകൾ നല്കിയ ആചാര്യന് ആദരാജ്ഞലികൾ അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ഡോ. പി കെ വാര്യർ കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തെ ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തിയ വൈദ്യ ശ്രേഷ്ഠൻ: മന്ത്രി എം.വി ഗോവിന്ദൻ 

കർമ്മോത്സുകവും സമർപ്പിതവുമായ ജീവിതത്തിലൂടെ ആയുർവേദത്തിന്റെ പെരുമ ലോകത്തോളം വളർത്തിയ വൈദ്യ ശ്രേഷ്ഠനാണ് ഡോക്ടർ പി കെ വാര്യർ എന്ന തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പാരമ്പര്യവിധികളിൽ നിന്നും അണുകിട വ്യതിചലിക്കാതെ തന്നെ ശാസ്ത്രസാങ്കേതിക വിദ്യകളെ കൂടി ക്രിയാത്മകമായി കണ്ണിചേർത്തുകൊണ്ട് ആയുർവേദത്തിന് ആഗോളതലത്തിൽ സ്വീകാര്യത നേടുന്നതിന് പ്രയത്‌നിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

പ്രകൃതിയെ അറിവിന്റെ ഉറവിടമാക്കുകയും വേദനിക്കുന്നവർക്കുള്ള സ്വാന്തന സാന്നിധ്യമായി സ്വയം മാറുകയും ചെയ്ത ഡോ. പി.കെ വാര്യർ ചികിത്സയെ കച്ചവടമായി കാണാൻ ഒരുക്കമല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളെയും ബന്ധുകളെയും വൈദ്യശാലയെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖം അറിയിക്കുന്നതായും മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ഡോ: പി.കെ വാര്യർ ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ
ആവാഹിച്ച മഹാപ്രതിഭ: മന്ത്രി സജി ചെറിയാൻ

ആയുസ്സിന്റെ വേദമെന്ന ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭയായിരുന്നു ഡോ. പി. കെ വാര്യരെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചെറിയ വാക്കുകളിൽ ഒതുക്കാനാവുന്നതല്ല ഒരു നൂറ്റാണ്ട് കാലം കർമ്മനിരതജീവിതത്തിലൂടെ അദ്ദേഹം ലോകത്തിനു നൽകിയ സംഭാവനകളും സ്വീകരിച്ച പുരസ്‌കാരങ്ങളും. ആയുർവേദത്തിന്റെ മഹാശൈലങ്ങൾ കീഴടക്കുമ്പോഴും വൈദ്യവൃത്തിയിൽ അദ്ദേഹം സൂക്ഷിച്ച മാനവികതയുടെ അടിസ്ഥാനം വൈദ്യനാകുന്നതിനു മുൻപ് കമ്യൂണിസ്റ്റുകാരനായിരുന്നതിനാലാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.