ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അവിണിശ്ശേരി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ്
ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ തുറന്നു.
ഹോട്ടലിന്റെ പ്രവർത്തനോദ്ഘാടനം നാട്ടിക എം എൽ എ സി സി മുകുന്ദൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പാലയ്ക്കൽ സെന്ററിൽ അവിണിശ്ശേരി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ താഴത്തെ നിലയിലാണ് ഹോട്ടൽ തുടങ്ങിയിരിക്കുന്നത്. മറ്റു ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായി സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് വളരെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം സാധാരണക്കാർക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഹോട്ടൽ ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിൽ 25 രൂപയ്ക്ക് പാർസൽ ആയാണ് ഉച്ചയൂണ് നൽകുന്നത്. കൂടാതെ സ്പെഷ്യലായി ഇറച്ചി, മത്സ്യവിഭവങ്ങളും കുറഞ്ഞ നിരക്കിൽ നൽകും. അവിണിശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ കുടുംബശ്രീ സംരംഭക കാറ്ററിങ് യൂണിറ്റ് ‘സൗഹൃദ’ യിലെ വനിതകളാണ് ഹോട്ടലിന് ചുക്കാൻ പിടിക്കുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി ജി വനജ കുമാരി, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹരി സി നരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ഗീത സുകുമാരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂര്യ ഷോബി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി കെ സത്യൻ,
വാർഡ് മെമ്പർമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഭുവനേശ്വരി എന്നിവർ
പങ്കെടുത്തു.
