തൃശൂർ ജില്ലാ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മത്സ്യ കർഷകരെ ആദരിച്ചു. കടൽക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങി നിരവധി പ്രശ്നങ്ങൾ അതിജീവിച്ചും ജീവിതം മുന്നോട്ടു നയിക്കുന്ന തീരദേശ മേഖലയായ ചാവക്കാടുള്ള മത്സ്യ കർഷകരെയാണ് ആദരിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മത്സ്യ കർഷക ദിനാചരണവും മത്സ്യകർഷകരെ ആദരിക്കൽ ചടങ്ങും എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താഖലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യാതിഥിയായി. ചടങ്ങിൽ ചാവക്കാട് ബ്ലോക്കിന് കീഴിലെ അക്വാകൾച്ചർ റിസോഴ്‌സസ് സംബന്ധിച്ച പുസ്തക പ്രകാശനം ബ്ലോക്ക്‌ പ്രസിഡന്റിന് നൽകിക്കൊണ്ട് എം എൽ എ നിർവഹിച്ചു. മികച്ച കർഷകൻ ജോഷി മുട്ടത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചാവക്കാട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മന്നലാംകുന്ന് മുഹമ്മദുണ്ണി, ബിഡിഒ കെ എം വിനീത്, ഫിഷറീസ് ഓഫീസർ പി എ ഫാത്തിമ, ഗീതമോൾ, മനീഷ് മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.