പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെൻറർ ഫോർ ഡിസീസ് കൺ ട്രോളിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച് സെൻററിന്റെ സഹായവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തും.

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സിക വൈറസ് രോഗം തീരെ അപ്രതീക്ഷിതമായല്ല. ഡങ്കി, ചിക്കുൻ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. കേരളത്തിൽ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്റെ പ്രധാനപ്രശ്നം ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പേരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും വേണ്ടത്. വീട്ടിലും പരിസരത്തിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം.

കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.