ആലപ്പുഴ : സമ്മിശ്ര -സംയോജിത കാർഷിക മേഖലയായി പരിഗണിച്ച് മത്സ്യ കൃഷി മേഖലയെ കൂടുതൽ ഉണർവുള്ളതും വരുമാനപ്രദവുമായി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് വളരെ ഉപയോഗപ്രദമായ പദ്ധതികളാണെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ദേശീയ മത്സ്യകർഷക ദിനാചാരണത്തിന്റെ ഭാഗമായി നടന്ന പട്ടണക്കാട് ബ്ലോക്ക്തല മത്സ്യ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

യുവാക്കൾ അടക്കം ഒട്ടേറെ പേരാണ് ഇന്ന് മത്സ്യ കൃഷിയിലേക്ക് കടന്നുവരുന്നത്. വരുമാനത്തോടൊപ്പം വിനോദ ദായകവുമായ ഒരു കാർഷിക മേഖലയാണ് മത്സ്യ കൃഷി. ഈ രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ 50 ശതമാനത്തിൽ അധികം വരുമാനം ലഭ്യമാവണം. ഇത് വളരെ വിജയകരമായി നേടാൻ ഇന്നത്തെ മത്സ്യകൃഷിക്കായുള്ള പദ്ധതികളിലൂടെ കർഷകർക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓൺലൈനായി നടന്ന മത്സ്യ കർഷക ദിനാചരണ പരിപാടിയിൽ മത്സ്യ കർഷകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം എൻ. എസ്. ശിവപ്രസാദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ഐ. രാജീവ്‌, ജനപ്രതിനിധികളായ ആർ. ജീവൻ, എസ്. വി. ബാബു, കവിതാ ഷാജി, രാഖി ആന്റണി, മോളി രാജേന്ദ്രൻ, ബിനീഷ് ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.