എറണാകുളം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാരായ ടി.ജെ വിനോദ്, പി.ടി തോമസ്, കെ.ജെ മാക്സി, റോജി എം. ജോൺ, ആന്റണി ജോൺ , കെ. ബാബു, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളിൽ, അനൂപ് ജേക്കബ്, പി.വി ശ്രീനിജൻ, മാത്യു കുഴൽനാടൻ, കെ.എൻ ഉണ്ണികൃഷ്ണൻ എന്നിവർ തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും നിർദേശങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിവിധ പൊതുമരാമത്ത് വകുപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർ ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതിപുരോഗതി വിലയിരുത്തുന്നതിനായി മൂന്നു മാസത്തിലൊരിക്കൽ എം.എൽ.എമാരെയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സീപോർട്ട്-എയർപോർട്ട് റോഡിന്റെ വീതികൂട്ടൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. വൈറ്റിലയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി നടത്തിയ ഇടപെടലുകൾ ഗുണകരമായെന്നും പി.രാജീവ് അഭിപ്രായപ്പെട്ടു.ജില്ലാ കളക്ടർ എസ്. സുഹാസ്, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി ജാഫർ മാലിക്
വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.