എറണാകുളം: ജില്ലാ ശുചിത്വമിഷൻ നിർമ്മിച്ച ശുചിത്വസന്ദേശ ചിത്രം ജില്ലാ കളക്ടർ എസ്. സുഹാസ് പ്രകാശനം ചെയ്തു. ശുചിത്വ മിഷൻ എ.ഡി.സി പി.എച്ച്. ഷൈൻ ചിത്രത്തിന്റെ സി.ഡി ഏറ്റുവാങ്ങി. ” വീടും സ്ഥലവും വിൽപ്പനയ്ക്ക് ” എന്ന പേരിലാണ് ചിത്രം നിർമ്മിച്ചത്.വിദേശത്തുണ്ടായിരുന്നപ്പോൾ നാട്ടിൽ വാങ്ങിയ ഭൂമി തന്റെ മകളുടെ വിവാഹ സമയമായിട്ടും, പരിസരത്തെ മാലിന്യ പ്രശ്നത്തിന്റെ പേരിൽ വിറ്റുപോവാത്തതിൽ മനംനൊന്ത് കഴിയുന്ന ഒരു അച്ഛന്റെ നിസ്സഹായാവസ്ഥയും പിന്നീട് ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് കഥയും തിരക്കഥയും സംഭാഷണവും ഗാനവും രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിത്രകാരനായ ബാബു വാകയാണ്. പ്രദീപ് നാരായണൻ സംവിധാന സഹായിയായി പ്രവർത്തിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉത്തമൻ കുന്നംകുളമാണ്. സജീഷ് നമ്പൂതിരിയാണ് ചിത്ര സംയോജനം. ശബ്ദലേഖനം റിച്ചാർഡ് അന്തിക്കാടും പശ്ചാത്തല സംഗീതം ഗോകുൽ മണ്ണുത്തിയും. ജ്യോതിദാസ് ഗുരുവായൂർ ഗാന സംഗീതവും ഗാനാലാപനവും, ഉദയൻ കാണിപ്പയ്യൂർ ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നു.