ആലപ്പുഴ: വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വ്യവസായ മന്ത്രി പി. രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി ജില്ലയിൽ സംഘടിപ്പിക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചവർ, തുടങ്ങാൻ ആഗ്രഹിക്കുന്നവൻ എന്നിവരെ നേരിൽ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും തടസങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭങ്ങൾ നടത്തുന്നവർക്കും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരാതികളും പ്രശ്നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. ഉന്നത ഉദ്യോഗസ്ഥർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ല വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും. സാങ്കേതിക തടസം ഒഴിവാക്കി സംരംഭങ്ങൾ യാഥാർഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മീറ്റ് ദ മിനിസ്റ്റർ പരിപാടി നടത്തുന്ന സ്ഥലവും സമയവും പിന്നീട് അറിയിക്കും. പരാതികളും പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ meettheminister@gamil.com, dicalpnsection@gmail.com എന്നീ ഇ-മെയിലുകൾ വഴിയോ മുൻകൂട്ടി അപേക്ഷ നൽകണം. അപേക്ഷയ്ക്കൊപ്പം പൂർണമായ മേൽവിലാസവും ഫോൺ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം. വിശദവിവരത്തിന് വ്യവസായ കേന്ദ്രത്തിന്റെ 8075233622 എന്ന നമ്പറിൽ ബന്ധപ്പെടണം.