ഇടുക്കി : വനിതാ – ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്-ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി ജില്ലാ റിസോഴ്‌സ് സെന്റര്‍ (ഡി.ആര്‍.സി) തൊടുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിലെ വെങ്ങല്ലൂര്‍ വനിതാ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ നിധി മനോജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാ എം.ജി, ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ കുട്ടികള്‍ക്ക് ശാരീരിക മാനസിക സാമൂഹിക ആരോഗ്യ വിഷയങ്ങളില്‍ വിദഗ്ദ്ധ പരിചരണം ഉറപ്പു വരുത്തുകയാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ലക്ഷ്യം. സര്‍ക്കാര്‍/സര്‍ക്കാരിതര സംവിധാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിചരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും ആശ്രയിക്കാവുന്ന ആശയ വിജ്ഞാന വ്യാപന കേന്ദ്രങ്ങളായാണ് ജില്ലാ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ലൈംഗികാതിക്രമത്തില്‍ നിന്നും അതിജീവിച്ച കുട്ടികള്‍ക്കും ലൈംഗിക ചൂഷണത്തിന് വിധേയരാവാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കും പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കും ആവശ്യമായ പരിചരണവും പിന്തുണാ സംവിധാനവും ജില്ലാ റിസോഴ്‌സ് സെന്ററിലൂടെ നല്‍കുവാന്‍ സാധിക്കും.

ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഒ.ആര്‍.സി. പ്രൊജക്ട് അസിസ്റ്റന്റ്, ഒ.ആര്‍.സി. സൈക്കോളജിസ്റ്റ് എന്നിവരാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവയ്ക്കു പുറമെ ഒ.ആര്‍.സി. യുടെ കീഴില്‍ ജില്ലയിലെ കുട്ടികള്‍ക്ക് വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുമാര്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍, പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍, പരിശീലകര്‍, വിദഗ്ദ്ധര്‍ തുടങ്ങിയവരുടെ റിസോഴ്‌സ് പൂളുകള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. വിദഗ്ദ്ധരുടെ സേവനങ്ങള്‍ ജില്ലാ റിസോഴ്‌സ് സെന്ററില്‍ കുട്ടികള്‍ക്ക് സൗജന്യമാണ്.