ഇടുക്കി: മുന്നില്‍ നിന്ന് സങ്കടങ്ങള്‍ സഹിഷ്ണുതയോടെ കേട്ട്, സമയബന്ധിതമായി സൂക്ഷ്മതയോടെ അടുക്കും ചിട്ടയോടെ പരിഹാരത്തിലേക്കെത്തുന്ന സമീപനം, സഹപ്രവര്‍ത്തകരേയും മലയോരജനതയേയും ഒപ്പം കൂട്ടി ദുരിതത്തിലും ദുരന്തങ്ങളിലും താങ്ങായി ഒരു ജില്ലയുടെ സ്‌നേഹം ഏറ്റുവാങ്ങിയാണ് ജില്ലാ കലക്ടര്‍ എന്ന നിലയില്‍ രണ്ടു വര്‍ഷവും അഞ്ചു മാസത്തേയും സേവനം പൂര്‍ത്തിയാക്കി പഞ്ചായത്ത് ഡയറകടറായി എച്ച് ദിനേശന്‍ ഇടുക്കിയില്‍ നിന്ന് മലയിറങ്ങുന്നത്.

2018 മുതലുള്ള ധനസഹായ വിതരണ കുടിശ്ശിക തീര്‍ത്തുകൊണ്ടാണ് എച്ച് ദിനേശന്‍ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിത്തുടങ്ങിയത്. ഇടുക്കി ജില്ലയുടെ ചരിത്രത്തില്‍ ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്ത് മലയോര നിവാസികളുടെ മനസ്സില്‍ മറക്കാനാവാത്ത ഇടം പിടിച്ചു കൊണ്ടാണ് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്ന് എച്ച് ദിനേശന്‍ വിടപറയുന്നത്.

ഇടുക്കി ജില്ലയുടെ വികസന കുതിപ്പിന് കരുത്തു പകര്‍ന്ന് മലയോര ജനതയ്ക്ക് നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളാണ് ഇക്കാലയളവില്‍ പൂര്‍ത്തീകരിച്ചത്. ഡയാലിസിസ് യൂണിറ്റ്, 15 കിടക്കകളും അഞ്ച് ഡയാലിസിസ് മെഷീനുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഒരു സര്‍ക്കാര്‍ ആതുരാലയത്തിലെ ആദ്യ ഡയാലിസിസ് യൂണിറ്റാണിത്.

വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ താല്പര്യപ്രകാരം മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ് ഇ ബിയുടെ സിഎസ്ആര്‍ ഫണ്ട് 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്നാണ് ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങിയത്. കെട്ടിടത്തിനായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം 19 ലക്ഷം രൂപയും, ദേശീയ ആരോഗ്യ മിഷന്‍ 10 ലക്ഷം രൂപയും മെഡിക്കല്‍ കോളേജിനായി അംഗീകരിപ്പിക്കുന്നതിലും ജില്ലാ കലക്ടര്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

കോവിഡ് പരിശോധനാ ഫലങ്ങള്‍ അതിവേഗത്തില്‍ ലഭ്യമാക്കുന്നതിനായി പിസിആര്‍ മെഷീന്‍, ബയോസേഫ്റ്റി ക്യാബിനറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആര്‍ ടി പി സി ആര്‍ ലാബ്, ത്വരിത പരിശോധനാ സൗകര്യമുള്ള ട്രൂനാറ്റ് ലാബ് എന്നിവ മെഡിക്കല്‍ കോളേജ് പുതിയകെട്ടിട സമുച്ചയത്തില്‍ സജ്ജീകരിച്ചു. 83 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കെ.എം.എസ്.സി.എല്‍ വഴി ലാബിലേയ്ക്ക് ഒരുക്കിയിട്ടുള്ളത്. ഇതും ജില്ലാ കലക്ടറുടെ ശ്രമഫലമാണെന്ന് നിസ്സംശയം പറയാം.

രക്തത്തിലെ പ്ലാസ്മ ഉള്‍പ്പടെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കാനും സൂക്ഷിക്കുന്നതിനും ബ്ലഡ്‌സെന്റര്‍ സജ്ജമാക്കി. ജില്ലയിലെ ആദ്യ ബ്ലഡ്‌സെന്ററാണിത്. കോവിഡ് ഐസിയു, ജനറല്‍ ഐസിയു എന്നിവ അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി യുടെ ഫണ്ട് 58 ലക്ഷം രൂപ വിനിയോഗിച്ച് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, കോവിഡ് രോഗികള്‍ക്കായി എന്‍ എച്ച്എം ഫണ്ട് 20 ലക്ഷം രൂപ ഉപയോഗിച്ച് ഓപ്പറേഷന്‍ തിയേറ്ററും, 18 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഒരുക്കി. ഇതോടൊപ്പം 2 ലക്ഷം രൂപ വിനിയോഗിച്ച് കോവിഡ് ലേബര്‍ റൂമും സജ്ജീകരിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് മെഡിക്കല്‍ കോളേജിന്റെ പുതിയകെട്ടിട സമുച്ചയത്തിലേയ്ക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

പ്രളയത്തിനും മണ്ണിടിച്ചിലിനും പ്രതിരോധം തീര്‍ത്ത് 75 ലക്ഷം രൂപ മുടക്കി മെഡിക്കല്‍ കോളേജിന് ചുറ്റുമതില്‍ നിര്‍മ്മിച്ചു. ഫെഡറല്‍ ബാങ്ക് ധനസഹായം ഏഴര ലക്ഷം രൂപ ചെലവഴിച്ച് കാത്തിരിപ്പു കേന്ദ്രം പൂര്‍ത്തീകരിച്ചു. ഇസാഫ് ബാങ്ക് ധനസഹായം നാലര ലക്ഷം രൂപ ഉപയോഗിച്ച് മോര്‍ച്ചറി നവീകരിച്ചു. എം.പി ഫണ്ട് 45 ലക്ഷം രൂപ വിനിയോഗിച്ച് ആശുപത്രി കാന്റീന്‍ നവീകരിച്ചു. സി .ടി സ്‌കാനര്‍, ഡിജിറ്റല്‍ എക്‌സ്‌റേ, മാമോഗ്രാഫി ഉള്‍പ്പെടെ മൂന്നു കോടി 94 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ പുതുതായി ആശുപത്രിയിലേയ്ക്ക് ലഭ്യമാക്കി.

ആഗസ്റ്റ് അഞ്ചിനും ആറിനും രാപകല്‍ വ്യത്യാസമില്ലാതെ മൂന്നാര്‍, ദേവികുളം മേഖലകളില്‍ പെയ്ത കനത്ത മഴ പെട്ടിമുടിയിലെ നാലു ലയങ്ങളില്‍ തകരഷീറ്റ് പാകിയ വീടുകളില്‍ താമസിച്ചിരുന്നവര്‍ മണ്ണിനടിയിലായ ദുരന്തമായി മാറി. 78 പേര്‍ ലയങ്ങളില്‍ ഉണ്ടായിരുന്നു. ആറാം തീയതി രാത്രി 10.50 ന് രണ്ടരകിലോമീറ്റര്‍ മലമുകളില്‍ നിന്ന് അസാധാരണമായ വലിയ മുഴക്കത്തോടെയാണ് മലവെളളം പാഞ്ഞുവന്നത്. പെട്ടിമുടിയില്‍ ഉണ്ടായത് വളരെ വലിയ ദുരന്തമാണെന്നും തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ ഒന്നാകെ മണ്ണിനടിയിലായെന്നും പുറം ലോകമറിഞ്ഞു. പിന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണസംവിധാനവും നാടും മുഴുവന്‍ പെട്ടിമുടിയിലേക്ക്.

പെരുമഴയും തണുപ്പും വകവയ്ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ ഏകോപനത്തിന് ഉദാത്ത മാതൃകയാണ്. ജില്ലാ കളകടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണസംവിധാനം രാവുംപകലും ഉറക്കമിളച്ചിരുന്നു തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാരിലും കെ ഡി എച്ച് കമ്പനിയിലും നിരന്തരമായ പരിശ്രമം നടത്തി അതിശയിപ്പിക്കുന്ന വേഗത്തിലാണ് പുനരധിവാസം പൂര്‍ത്തിയാക്കിയത്. 6 മാസങ്ങള്‍ കൊണ്ട് പെട്ടിമുടി ദുരിത ബാധിതര്‍ക്ക് പുനരധിവാസം സാധ്യമാക്കിയത് കളക്ടറുടെ ഇച്ഛാശക്തികൊണ്ടും സര്‍ക്കാരിന്റെ കരുതല്‍ ഒന്നുകൊണ്ടും മാത്രമാണ്.

നവംബര്‍ ഒന്നിനായിരുന്നു കുറ്റിയാര്‍വാലിയില്‍ തറക്കല്ലിട്ട് വീടുകളുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 8 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ ഓരോ കുടുംബത്തിനും അനുവദിച്ച 5 സെന്റ് ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 2020 ഫെബ്രുവരി 14 ന് 8 കുടുംബങ്ങള്‍ക്കും താക്കോലുകള്‍ കൈമാറി.

ഇടുക്കിയില്‍ 2018 ലും 2019ലുമുണ്ടായ പ്രളയത്തില്‍ വീടു പൂര്‍ണമായും ഭാഗികമായും തകര്‍ന്നവര്‍ക്കുള്ള ധനസഹായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ താലുക്ക് , വില്ലേജ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി പുരോഗതി ഓരോ ദിവസവും അന്വേഷിച്ചുകൊണ്ടേയിരുന്നു. ഇടുക്കി താലൂക്കിലെ പ്രളയ പുനര്‍നിര്‍മാണ, സാമ്പത്തിക സഹായ നടപടികള്‍ താലൂക്ക് ഓഫീസില്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം അതിനു കണ്ട പോംവഴി. താഴെത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കു വില്ലേജ് ഓഫീസര്‍മാര്‍ മുന്‍ഗണന നല്‍കി വിഷയങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് പാടില്ല. അനാവശ്യമായി ഒരാളെപ്പോലും പലതവണ ഓഫീസുകള്‍ കയറിയിറങ്ങാന്‍ അനുവദിക്കരുത്. വീടു നിര്‍മാണ അപേക്ഷകളില്‍ എളുപ്പം തീര്‍പ്പുണ്ടാക്കണം. തവണകള്‍ വേഗത്തില്‍ അനുവദിക്കണം എന്നിങ്ങനെയായിരുന്നു നിര്‍ദ്ദേശങ്ങള്‍. ഭവനരഹിതരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ ഉദാരമനസ്‌കതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിശ്ചിത സമയത്ത് ധനസഹായം വിതരണം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും കളക്ടര്‍ ജീവനക്കാരെ തുടരെത്തുടരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

വിവിധ വില്ലേജുകളിലെ പുനര്‍നിര്‍മാണ, ധനസഹായ പുരോഗതികള്‍ യോഗം വിലയിരുത്തി. ജീവനക്കാരുടെ കുറവ് നേരിടുന്ന വില്ലേജ് ഓഫീസുകളില്‍ അതു പരിഹരിക്കുന്നതിനു താത്കാലികമായി മാറ്റി നിയമിക്കുന്നതിനും നടപടി സ്വീകരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ബുന്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരമായി.

ജില്ലയില്‍ 99% ആളുകള്‍ക്കും പ്രളയദുരിതാശ്വാസം ലഭിച്ചു. ഇനിയും ആര്‍ക്കെങ്കിലും പ്രളയദുരിതാശ്വാസം സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ നേരിട്ട് തന്നെ കണ്ടു പരാതി സമര്‍പ്പിക്കാവുന്നതാണെും അദ്ദേഹം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും മറ്റിതര സംഘടനകളുടെയും സഹായത്തോടെ 99 ശതമാനം പുനരധിവാസ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. പുനരധിവാസത്തിനായി 175.85 കോടി രൂപയാണ് ജില്ലയില്‍ ചിലവഴിച്ചത്.

പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പൂര്‍ണമായി തകര്‍ന്ന 1882 വീടുകളില്‍ 1724 വീടും പുനരധിവസിപ്പിച്ചു. ഇതിനായി 125.18 കോടി രൂപയാണ് ചിലവഴിച്ചത്. ഭാഗികമായി തകര്‍ന്ന 7108 വീടുകളില്‍ ധനസഹായത്തിന് അര്‍ഹതയുള്ള 6735 വീടുകളുടെ മുഴുവന്‍ തുകയും നല്കി. ഇതിനായി 50.66 കോടി രൂപയാണ് ചിലവഴിച്ചത്.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയവരില്‍ നിന്നും പീരുമേട് താലൂക്കില്‍ വാഗമണ്‍, ഏലപ്പാറ വില്ലേജുകളിലായി 38.44 ഹെക്ടര്‍, ഉടുമ്പന്‍ഞ്ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജില്‍ 14.20 ഹെക്ടര്‍, ഇടുക്കി താലൂക്കില്‍ കൊന്നത്തടി വില്ലേജില്‍ 77.41 ഹെക്ടര്‍ അനധികൃത കൈയ്യേറ്റവും കളക്ടര്‍ മുന്‍കൈ എടുത്ത് ഒഴിപ്പിച്ചെടുത്തു. അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനും അനര്‍ഹരെ കണ്ടുപിടിച്ച് ഒഴിവാക്കുന്നതിനും ബദ്ധശ്രദ്ധ പുലര്‍ത്തി. അതുതന്നെയാണ് മലയിറങ്ങുന്നതിന്റെ അവസാന നാളുകളില്‍ കളക്ടറെ കണ്ട് നന്ദി അറിയിക്കാനെത്തിയവരുടെ നീണ്ട നിര നമ്മോട് പറയാതെ പറയുന്നതും.

കാസര്‍ഗോഡ് ഡെപ്യൂട്ടി കലക്ടര്‍, എഡിഎം, തുറമുഖ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് ഡയറക്ടറായിരിക്കെ മദ്ധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കമ്മീഷന്‍ നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.