പാലക്കാട്:  ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ സാന്നിധ്യത്തിലും ചേര്‍ന്നു. വിക്ടോറിയ കോളെജിന് സമീപത്തെ അമ്മത്തൊട്ടില്‍ ജില്ലാ പഞ്ചായത്ത് മുഖേന പുതുക്കി പണിയാന്‍ യോഗത്തില്‍ തീരുമാനിച്ചു. ശിശുക്ഷേമ സമിതി വാടകക്കെട്ടിടത്തില്‍ നിന്നും മാറി പുതിയ കേന്ദ്രം കണ്ടെത്തും.

ശിശുപരിപാലന കേന്ദ്രത്തിലെ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശിശുക്ഷേമസമിതി സംസ്ഥാന നോമിനി പി. പത്മിനി, ജില്ലാ എക്‌സി. അംഗം സുലോചന എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ, ഡിഎംഒ ഓഫീസില്‍ നിന്ന് ഓരോ മാസവും ശിശു പരിചരണ കേന്ദ്രത്തില്‍ പരിശോധന നടത്തും. ശിശു പരിചരണ കേന്ദ്രത്തിലെ 5 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ സംസ്ഥാന സമിതിയുടെ അനുവാദത്തോടെ മറ്റ് അഡോപ്ഷന്‍ സെന്ററിലേക്ക് മാറ്റാനും തീരുമാനിച്ചു. സമിതിയുടെ പുതിയ ട്രഷററായി പി. കൃഷ്ണന്‍കുട്ടിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. യോഗത്തില്‍ സെക്രട്ടറി കെ.വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.