ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് നാളെ രാവിലെ 9 മണിക്ക് കളക്ടറേറ്റിലെത്തി ചുമതല ഏല്‍ക്കും. ജില്ലയുടെ ആദ്യവനിത കലക്ടറെന്ന സ്ഥാനവും കൂടിയാണ് പുതിയ കലക്ടറെ കാത്തിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കലക്ടറായി നിയമിതയാകുന്നത്. ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍, തിരുവനന്തപുരം ഐ എല്‍ഡി എം ഡെപ്യൂട്ടി കലക്ടര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയെ അറിയാവുന്ന വ്യക്തിയെന്ന നിലയില്‍ ജില്ലയുടെ വികസനത്തിനും സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും പുതിയ കലക്ടറുടെ നിയമനം ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ഇടുക്കി ജില്ലയുടെ സമീപ സ്ഥലമായ കോട്ടയം ജില്ലയിലെ മേലുകാവ് എള്ളുമ്പുറം സ്വദേശിനിയാണ്. മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഏള്ളുമ്പുറം കൂളത്തിങ്കല്‍ കെവി ജോര്‍ജ്ജിന്റെ മകളാണ്. ഏള്ളുമ്പുറത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.