കണ്ണൂര്‍:  ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്‍ സമാഹരിച്ച സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള 20 സ്മാര്‍ട്ട് ഫോണുകളാണ് വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.

പഠനോപകരണങ്ങളില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങാന്‍ പാടില്ലെന്നും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ ഇവ എത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പൊതുസമൂഹം ഇത്തരത്തില്‍ നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ പഠനാവശ്യങ്ങള്‍ക്ക് ശേഷം ഭാവിയില്‍ ഉപയോഗപ്പെടുത്തുന്നതിനായി സ്‌കൂളുകളിലെ ഡിജിറ്റല്‍ ലൈബ്രറിയായി സൂക്ഷിക്കണമെന്നും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഹയര്‍സെക്കണ്ടറി എഡ്യുക്കേഷന്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ ശിവന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, അംഗം കെ താഹിറ, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി, ഫിനാന്‍സ് ഓഫീസര്‍ ഇ എന്‍ സതീഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.