മലപ്പുറം: ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഭൂമിപ്രശ്‌നത്തിന് പരിഹാരമാകുന്നു. ഓഗസ്റ്റ് 30ന് മുന്‍പ് വനം വകുപ്പ് 110 ഹെക്ടര്‍ വനഭൂമി റവന്യൂ വകുപ്പിന് കൈമാറും. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു. ഇതോടെ ഭൂരഹിതരായ 1250 കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമി ലഭിക്കുന്നത്.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ നെല്ലിപൊയില്‍ കൊടിരിയിലെ 89 ഹെക്ടറും, അത്തിക്കലിലെ 11 ഹെക്ടറും, തൃക്കൈക്കുത്തിലെ 7.8 ഹെക്ടറുമാണ് റവന്യൂ വകുപ്പിന് കൈമാറുന്നത്.കൊടീരിയിലും, അത്തിക്കലിലും 20 സെന്റ് വീതമാണ് ഓരോ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും നല്‍കുക. റവന്യൂ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ഭൂമി സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.
ഇതോടനുബന്ധിച്ച് ജൂലൈ 14ന് കലക്ടറുടെ അധ്യക്ഷതയില്‍ റവന്യൂ, വനം, ഐ.ടി.ഡി.പി.ഉദ്യോഗസ്ഥരുടെ യോഗം നടക്കും. തുടര്‍ന്ന് എം.പി, എം.എല്‍.എമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉപസമിതി യോഗം ചേര്‍ന്ന് ഭൂമി നല്‍കേണ്ടവരുടെ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. പിന്നീട് ഊരുകൂട്ടങ്ങളും ചേരും. നിലമ്പൂരിലെ പട്ടികവര്‍ഗ ജില്ലാ ഓഫീസില്‍ ഭൂമി ആവശ്യപ്പെട്ട് 1709 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 1250 അപേക്ഷകര്‍ക്ക് ഭൂമി നല്‍കാന്‍ കഴിയുമെന്നും ഐ.ടി.ഡി.പി.അധികൃതര്‍ വ്യക്തമാക്കി.