മലപ്പുറം:  ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കുട്ടികള്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്ലാത്ത രണ്ടായിരത്തോളം വീടുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 271 വീടുകള്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട വീടുകളാണ്. പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ വീടുകളിലും കുട്ടികള്‍ക്ക് ഒരു ടാബോ, സ്മാര്‍ട്ട് ഫോണോ നല്‍കും. രണ്ടാംഘട്ടത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വ്യക്തിതലത്തില്‍ ഓണ്‍ലൈന്‍ ഡിവൈസ് ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതിനായി  പദ്ധതിവെക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അംഗീകാരം വാങ്ങാനാണ് തീരുമാനം.  എല്ലാ മാസവും പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അവലോകന യോഗം ജില്ലാ പഞ്ചായത്തില്‍ ചേരും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധരാണെന്ന്   പ്രസിഡന്റ്് എം.കെ.റഫീഖ പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി.

വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നസീബ അസീസ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന ഹസീബ്, അഡ്വ. പി.വി .മനാഫ്, വി.കെ.എം. ഷാഫി, ഷെറോണ റോയ്, ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, എസ്.എസ്.കെ. ജില്ലാ കോഡിനേറ്റര്‍, വിജയഭേരി കോഡിനേറ്റര്‍, ഡി.ഇ.ഒ മാര്‍, കൈറ്റ് കോഡിനേറ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍, ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.