കാസര്‍ഗോഡ്:  എൻ എച്ച് 66 ചെറുവത്തൂർ ടൗണിൽ പുതുതായി സ്ഥാപിച്ച ഡിവൈഡറുകൾക്ക് റിഫ്ളക്ടറുകൾ ഘടിപ്പിക്കാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതായി വാട്ട്സ് ആപ്പിൽ ലഭിച്ച പരാതിയിൽ അടിയന്തിര ഇടപെടൽ. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയിൽ കാർ ഡിവൈഡറിൽ കയറി അപകടം സംഭവിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ടി.എം ജെഴ്സണിന്റെ നിർദേശപ്രകാരം ദേശീയപാത റോഡ് മാർക്കിംഗ് അധികൃതരുമായി ബന്ധപ്പെട്ട് റിഫ്ളക്ടറുകൾ സ്ഥാപിച്ചു.

ജൂലൈ ഏഴിന് ജില്ലാ കളക്ടർ ഡോ ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷ കൗൺസിലിംഗ് യോഗത്തിലെ നിർദേശപ്രകാരമാണ് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വാട്ട്സ് ആപ്പ് നമ്പർ അപകട സാധ്യതയുള്ള സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനായി പൊതു ജനങ്ങൾക്കായി നൽകിയത്. ഇങ്ങനെ ലഭിച്ച പരാതിയിലാണ് നടപടി. എം.വി.ഐ സാജു ഫ്രാൻസിസ്, എ.എം വി.ഐ മാരായ ഗണേശൻ കെ.വി, ജിജോ വിജയ് സി വി, പ്രവീൺ കുമാർ എം, വിജേഷ് പി.വി, സുധീഷ് എം എന്നിവർ നേതൃത്വം നൽകി.